തുണ്ടത്തിൽക്കടവ്-പുല്ലേലിൽക്കടവ് ബണ്ട് റോഡ് നവീകരണം അവസാനഘട്ടത്തിൽ
1461492
Wednesday, October 16, 2024 6:02 AM IST
ചാരുംമൂട്: ചുനക്കര-നൂറനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുനക്കര കിഴക്ക് തുണ്ടത്തിൽക്കടവ്-പുലിമേൽ പുല്ലേലിൽക്കടവ് ബണ്ടുറോഡിന്റെ നവീകരണം പൂർത്തീകരണത്തിലേക്ക്. സംസ്ഥാന ഫിഷറീസ് വകുപ്പിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്യുന്ന ജോലിയാണ് പുരോഗമിക്കുന്നത്. എം.എസ്. അരുൺ കുമാർ എംഎൽഎയുടെ ശ്രമഫലമായാണു തുക അനുവദിച്ചത്.
പെരുവേലിച്ചാൽ പുഞ്ചയ്ക്കു കുറുകെ 788 മീറ്റർ നീളത്തിലാണു ബണ്ടുറോഡുള്ളത്. മഴക്കാലത്ത് ബണ്ടുറോഡ് വെള്ളത്തിൽ മുങ്ങുന്നതിനാലാണു ടാറിംഗിനുപകരം കോൺക്രീറ്റ് ചെയ്യുന്നത്. ബണ്ടുറോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഫിഷറീസ് വകുപ്പ് 1.90 കോടി രൂപയുടെ അടങ്കലാണു നൽകിയതെങ്കിലും 25 ലക്ഷം രൂപ മാത്രമാണ് ആദ്യഘട്ടമായി അനുവദിച്ചത്.
കോൺക്രീറ്റ് ചെയ്യുന്നതിന്
റോഡ് പൂർണമായി കോൺക്രീറ്റ് ചെയ്യുന്നതിനും വശങ്ങൾ കെട്ടുന്നതിനും അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിനും റാംപ് നിർമിക്കുന്നതിനുമായാണ് 1.90 കോടി രൂപയുടെ അടങ്കൽ നൽകിയിരുന്നത്. 260 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്യുന്നതിനേ 25 ലക്ഷം രൂപ തികയുകയുള്ളൂ. നാലര മീറ്റർ വീതിയിലാണു റോഡ് കോൺക്രീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
സംസ്ഥാന ഫിഷറീസ് വകുപ്പ് നാലുവർഷം മുമ്പ് 1.04 കോടി രൂപ മുടക്കിയാണു പെരുവേലിച്ചാൽ പുഞ്ചയ്ക്കുകുറുകെ ബണ്ടുറോഡ് പണിതത്. റോഡിന്റെ ഉപരിതലം ടാറോ കോൺക്രീറ്റോ ചെയ്തിരുന്നില്ല. ചുനക്കര ഗവ. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ് കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിനു കുട്ടികൾ സൈക്കിളിൽ ഇതുവഴിയാണു പോകുന്നത്.
റോഡിന് വീതിയില്ല
പുഞ്ചയിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാലും കൈവരികളില്ലാത്തതിനാലും ബണ്ടുറോഡു വഴിയുള്ള യാത്ര വിദ്യാർഥികളടക്കമുള്ളവർക്കു പേടി സ്വപ്നമായിരുന്നു. പുലിമേൽ നിവാസികൾക്കു മാവേലിക്കരയ്ക്കും ചുനക്കരയ്ക്കുമുള്ള എളുപ്പവഴികൂടിയാണിത്.
പെരുവേലിച്ചാൽ പുഞ്ചയ്ക്കു കുറുകെ 2019-ലാണ് 788 മീറ്റർ നീളത്തിൽ ബണ്ടു പണിതത്. 2,500 ഏക്കർ വിസ്തൃതിയുള്ള പുഞ്ചയിലെ കാർഷികവികസനം കൂടിയാണു ലക്ഷ്യമിട്ടത്. ബണ്ട് റോഡിൽ ഇരുവശങ്ങളിൽനിന്ന് ഒരേസമയം വലിയ വാഹനങ്ങളെത്തിയാൽ കടന്നുപോകാനുള്ള വീതി റോഡിനില്ല.
ബണ്ടുറോഡിന്റെ മധ്യഭാഗത്തുള്ള പാലത്തിനു വീതികുറവാണ്. ബണ്ട് നവീകരിക്കുന്നതോടൊപ്പം സംരക്ഷണവേലിയും തെരുവുവിളക്കുകളും കാർഷിക ആവശ്യത്തിനുള്ള റാംപുകളും പണിയണമെന്നാണു കർഷകരുടെ ആവശ്യം.