നന്ദികേശന്മാൻ അണിഞ്ഞൊരുങ്ങി; ഓണോത്സവ കെട്ടുകാഴ്ച ഇന്ന്
1460691
Saturday, October 12, 2024 3:12 AM IST
കായംകുളം: ഇരുപത്തെട്ടാം ഓണമഹോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പടനിലത്ത് നടക്കുന്നകെട്ടുകാഴ്ച്ച വിസ്മയത്തിന് നന്ദി കേശന്മാന് അണിഞ്ഞൊരുങ്ങി. ഇന്ന് മൂന്നിന് അണിയിച്ചൊരുക്കിയ നന്ദികേശന്മാരെ ഓച്ചിറ പരബ്രഹ്മസന്നിധിലേക്ക് ആനയിക്കും.
കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 56 കരകളില്‍നിന്നായി നൂറ്റിയമ്പതോളം നന്ദികേശസമിതികളുടെ നന്ദികേശ രൂപങ്ങള്‍ പടനിലത്തേക്ക് എത്തും. ചട്ടം എന്നറിയപ്പെടുന്ന വാഹനത്തില്‍ ഉറപ്പിച്ച രണ്ട് നന്ദികേശ വിഗ്രഹങ്ങളാണ് സാധാരണയായി എഴുന്നള്ളിക്കുന്നത്.
രാവിലെ ഏഴുമുതല്‍ ഓച്ചിറ ക്ഷേത്രത്തിലെന്നപോലെ എല്ലാ കാളമൂടുകളിലും കഞ്ഞിവിതരണം നടക്കും. തുടര്‍ന്ന് ഗണപതിഹോമം, ഭാഗവതപരായണം, അന്നദാനം, ദീപാരാധന, ദീപക്കാഴ്ച, പറയിടീല്‍ തുടങ്ങിയ ചടങ്ങുകള്‍ നടക്കും.
അംബരചുംബിയായി ഉടുത്തൊരുങ്ങി ഓണാട്ടു കതിരവൻ
കായംകുളം: ഇരുപത്തിയെട്ടാം ഓണ മഹോത്സവ കെട്ടുകാഴ്ച്ക്കായി ഇന്നു നൂറുകണക്കിന് നന്ദികേശന്മാര് അണിനിരക്കുമ്പോള്‍ തലയെടുപ്പുകൊണ്ട് ഭക്തജന മനസുകളില്‍ ഇതിഹാസമാകാന്‍ അംബര ചുംബിയായി ഓണാട്ടുകതിരവനെ അണിയിച്ചൊരുക്കി. കായംകുളം കൃഷ്ണപുരം മാമ്പ്രക്കന്നയില് യുവജന സമിതിയുടെ നന്ദികേശ കെട്ടുരൂപമാണ് ഓണാട്ടു കതിരവന്‍.
ഇന്ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലേക്ക് ഓണാട്ടുകതിരവനെ എഴുന്നള്ളിക്കുമ്പോള്‍ ഏറ്റവും വലിയ പൊക്കമുള്ള കെട്ടുകാഴ്ചയായി ഇത് മാറും. പോരാട്ട ങ്ങളുടെ വീര്യം ത്രസിച്ചു നില്ക്കുന്ന ഓച്ചിറ പടനിലത്തേക്ക് ചുവപ്പിലും വെളുപ്പിലും ഉടുത്തൊരുങ്ങി ശിവപാര്‍വതി സങ്കല്പത്തിന്റെ പ്രതീകമായാണ് ഋഷഭവീരന്മാരെ കരഒന്നാകെ കയ്യുംമെയ്യും മറന്ന് എഴുന്നള്ളിക്കുന്നത്.
കേരളത്തിലെ കെട്ടുകാഴ്ച ഉത്സവത്തിന് തുടക്കമിടുന്നത് ഓച്ചിറ ഇരുപത്തിയെട്ടാം ഓണ മഹോത്സവത്തിനാണെന്നാണ് വിശ്വാസം ഓച്ചിറക്കാരുടെ പൂരമായി ഈ ആഘോഷം മാറിയിട്ടുണ്ട്. ഓണാട്ടു കതിരവന്എന്ന നന്ദികേശനെ തളക്കല്ല് മാതൃകയിലുള്ള മരച്ചട്ടത്തിലാണ് ഉറപ്പിച്ചിരിക്കുന്നത് നന്ദികേശന്മാരുടെ ഏകദേശ ഉയരം 55 അടിയും ശിരസിന്റെ ഉയരം മാത്രം 15 അടി.
ഏകദേശം 400 ക്യുബിക് അടി തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. എട്ടു ടണ്‍ കച്ചി, ചുവപ്പും വെളുപ്പുമായ 800 മീറ്റര്‍ പട്ട്, കൂടാതെ 3500 ഓളം മണി, 600 മീറ്റര്‍ ചാക്ക് എന്നിവയാണ് നിര്‍മാണ സാമഗ്രികള്‍. ഇതിന്റെ ശിരസ് വിശിഷ്ടമായ രീതിയിലാണ് നിര്‍മാണം.
കമാന ആകൃതിയിലുള്ള അര്‍ജുനന്റെ ഗാണ്ഡീവ വില്ലിനോട് സാമ്യമുള്ള ബലിഷ്ഠമായ ഇരുകൊമ്പുകള്‍ ചന്ദ്രചൂഡാമണി മരതകകല്ല്, 21 അടി സ്വര്‍ണം ആലേപനം ചെയ്ത നെറ്റിപ്പട്ടം അതിന്റെ തിടമ്പില്‍ ഭഗവാന്റെ ധ്യാനനിമഗ്ന രൂപവും അടങ്ങുന്നതാണ് ഓണാട്ടു കതിരവന്‍, കല്പവൃക്ഷത്തിന്റെ കുരുത്തോലയില്‍ നിര്‍മിച്ച മാലയും മയില്‍പ്പീലിയില്‍ നിര്‍മിച്ച ആലവട്ടവും അണിയിക്കുന്നതോടെ പൊക്കത്തിലും മനോഹാരിതയിലും ഓണാട്ടുകതിരവന് വിസ്മയമാകും.