ഇപ്പ ശരിയാക്കിത്തരാം... അറ്റകുറ്റപ്പണിക്കായി റോഡ് പൊളിച്ചു; ദുരിതം പേറി യാത്രക്കാര്‍
1459404
Monday, October 7, 2024 4:05 AM IST
മാങ്കാംകുഴി: തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ട് യാത്ര ദുഷ്കരമാക്കിയ വെട്ടിയാര്‍ നേര്‍ച്ചപ്പള്ളി-രാമനല്ലൂര്‍ റോഡ് അറ്റകുറ്റപ്പണിക്കായി കുത്തിപ്പൊളിച്ചിട്ടിട്ട് ഒരുമാസം പിന്നിട്ടിട്ടും നിര്‍മാണം ആരംഭിക്കാത്തതു യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കുന്നു. മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ കുഴികള്‍ ഉള്ള ഭാഗങ്ങള്‍ ഓഗസ്റ്റ് 25നാണ് പൊളിച്ചുതുടങ്ങിയത്.
ജെസിബി ഉപയോഗിച്ച് കരാറുകാരന് പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ റോഡ് പൊളിക്കുകയും പിന്നീട് മെറ്റലും ടാറിംഗും റോളര്‍ ഉപയോഗിച്ച് നികത്തുകയും ചെയ്തു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ റോളര്‍ സ്ഥലത്തുനിന്ന് മാറ്റി.
ഇപ്പോള്‍ മഴപെയ്ത് റോഡിലെ മെറ്റലുകള്‍ എല്ലാം ഇളകിയത് മൂലം കാല് നടയാത്രപോലും ദുഷ്കരമാക്കിയിരിക്കുകയാണ്. തഴക്കര പഞ്ചായത്ത് ഫണ്ടില്‍നിന്നു 15 ലക്ഷം രൂപ വിനിയോഗിച്ച് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനിച്ചത്.
മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരേ നാട്ടുകാരുടെ വലിയ പ്രതിഷേധം നിലനിന്നിരുന്നു. മഴക്കാലത്ത് റോഡിലെ വലിയ കുഴികളില്‍ വെള്ളംനിറഞ്ഞ് കുഴിയും റോഡും തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു. കൂടാതെ ഇരുചക്ര വാഹനയാത്രക്കാര്‍ കുഴിയില്‍ വീണ് അപകടവും പതിവായിരുന്നു.
കൊല്ലം - തേനി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിനു ജനങ്ങള്‍ സഞ്ചരിക്കാന്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. റോഡ് ഉടന്‍ പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.