നീരേറ്റുപുറം ജലമേള 22ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
1454203
Wednesday, September 18, 2024 11:37 PM IST
എടത്വ: തിരുവോണനാളില്‍ നടത്താനിരുന്ന നീരേറ്റുപുറം ജലമേള 22 ലേക്കു മാറ്റിയതിനാല്‍ വള്ളങ്ങളുടെ രജിസ്ട്രേഷന് ഇന്ന് വൈകുന്നേരം 5 വരെ നീട്ടിയതായി ഭാരവാഹികള്‍ അറിയിച്ചു. ജലമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ചെയര്മാന് റെജി ഏബ്രഹാം തൈക്കടവില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി എന്നിവര്‍ അറിയിച്ചു.
22ന് ഉച്ചയ്ക്ക് 12ന് ആയിരം പേര്‍ക്ക് ഓണസദ്യ. രണ്ടിന് നിശ്ചല ദൃശ്യങ്ങള്‍ അണിനിരന്നുള്ള ജലഘോഷയാത്ര, മത്സരവള്ളങ്ങളെ അണിനിരത്തിയുള്ള മാസ്ട്രില്‍ കാണികള്‍ക്ക് കുളിര്മയേകുന്ന രീതിയില്‍ വാട്ടര്‍ സ്റ്റേഡിയത്തില്‍ അഭ്യാസ പ്രകടനങ്ങള്‍ നാടന്‍ കലാകാരന്മാരുടെ കലാവിരുന്നുകള്‍ എന്നിവ നടക്കും. ജലമേള മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ പി. പ്രസാദ്, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്, എംപിമാര്‍, എംഎല്‍എമാര്‍ സിനിമ ആര്‍ട്ടിസ്റ്റുകള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ഡിജിറ്റല്‍ സംവിധാനത്തോടുകൂടിയ ട്രാക്കും സ്റ്റാര്‍ട്ടിംഗും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. 9 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗത്തില്‍പ്പെട്ട 40 കളിവള്ളങ്ങള്‍ പങ്കെടുക്കും.
ആകര്‍ഷകമായ ബോണസും കാഷ് അവാര്‍ഡുമാണ് ഏര്‍പ്പെ ടുത്തിയിരിക്കുന്നത്. വള്ളംകളി കാണാന്‍ എത്തുന്നവര്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇരുന്നു വള്ളംകളി ദര്‍ശിക്കുന്നതിനാവശ്യമായ പാസുകള്‍ നീരേറ്റുപുറം ഓഫിസില്‍നിന്നും ലഭിക്കും. ഫോണ്‍. 9847939373, 8301808700.