ജനപ്രതിനിധികൾക്കു മർദനമേറ്റതായി പരാതി
1454191
Wednesday, September 18, 2024 11:36 PM IST
ആര്യാട്: കുടിവെള്ള ക്ഷാമത്തിനെതിരേ വഴിച്ചേരിയിലെ വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിൽ സമരം ചെയ്ത ആര്യാട് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് പോലീസ് മർദനമേറ്റു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ബിപിൻരാജ്, മുൻ പ്രസിഡന്റ് ബിജുമോൻ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷ് ലാലിന്റെ കൈയ്ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. സന്തോഷ് ലാലിനെ വിദഗ്ധ പരിശോധനയ്ക്കായി പിന്നീട് എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
ആര്യാട് പഞ്ചായത്തിൽ അനുഭവപ്പെടുന്ന കുടിവെള്ള ദൗർലഭ്യം സംബന്ധിച്ച് പല തവണ അധികാരികൾക്ക് നിവേദനങ്ങൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. പരിഹാരം കാണാൻ വാട്ടർ അഥോറിറ്റി അധികൃതർ തയാറാകാതെ വന്നതിനെത്തുടർന്നാണ് ഇന്നലെ രാവിലെ പഞ്ചായത്തിലെ ജനപ്രതിനിധികൾ കക്ഷിരാഷ്ട്രീയത്തിനതീതമായി വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിൽ സമരം ചെയ്തത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്ത് നീക്കാൻ ശ്രമിക്കുകയായിരുന്നു.
മർദിച്ചതിൽ പ്രതിഷേധം
ആലപ്പുഴ: കുടിവെള്ള വിതരണം തുടർച്ചയായി മുടങ്ങുന്നതിനെതിരേ വാട്ടർ അഥോറിറ്റി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ച ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാലിനെയും പഞ്ചായത്തംഗങ്ങളെയും കൈയേറ്റം ചെയ്ത ആലപ്പുഴ നോർത്ത് സർക്കിൾ ഇൻസ്പെക്റ്റർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയത് സംബന്ധിച്ച് ജനങ്ങളിൽനിന്നു വ്യാപക പരാതികൾ ഉയരുന്നത് നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റ് വാട്ടർ അഥോറിറ്റി മേധാവികളെ രേഖാ മൂലം അറിയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
വാട്ടർ അഥോറിറ്റി ഇതിമേൽ യാതൊരു നടപടികളും സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് ജന പ്രതിനിധികൾ പ്രതിഷേധത്തിന് ഒരുങ്ങിയതെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. പ്രതിഷേധ കേന്ദ്രത്തിലെത്തിയ സർക്കിൾ ഇൻസ്പെക്റ്റർ വിവരങ്ങൾ മനസിലാക്കുന്നതിനു പകരം മർദനം ആരംഭിക്കുകയാണ് ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.