നൂറനാട് സാനിറ്റോറിയം ജയിൽ സംരക്ഷിക്കാൻ നടപടിയില്ല
1453928
Tuesday, September 17, 2024 11:28 PM IST
ചാരുംമൂട്: ചരിത്ര പ്രാധാന്യമുള്ള നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ജയിൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു സംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല. വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല.
കുഷ്ഠരോഗികളായ തടവുകാരെ പാർപ്പിക്കുന്നതിന് 1935ൽ തിരുവിതാംകൂർ രാജാവിന്റെ നിർദേശപ്രകാരമാണ് സാനിറ്റോറിയത്തിൽ ജയിലുകൾ സ്ഥാപിച്ചത്. ചുറ്റും കൂറ്റൻ മതിലുകളോടുകൂടിയ ജയിലിന്റെ സംരക്ഷണ ചുമതല ആഭ്യന്തരവകുപ്പിനായിരുന്നു. തുടക്കത്തിൽ ആറു ജീവനക്കാരുണ്ടായിരുന്ന ഇവിടെ ഇപ്പോൾ ആരുമില്ല. സ്വാതന്ത്ര്യസമര സേനാനികളെയടക്കം ഇവി ടെ തടവിലാക്കിയിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇളങ്കോവനെ ഹൈക്കോടതി വിധിയെത്തുടർന്ന് സാനിറ്റോറിയം ജയിലിലേക്കാണ് അയച്ചത്. കുഷ്ഠരോഗം ബാധിച്ച അദ്ദേഹത്തെ കാണാൻ പാർട്ടിയിലെ ഒട്ടനവധി നേതാക്കൾ ജയിൽ സന്ദർശിച്ചതായി ചരിത്രത്തിൽ പറയുന്നുണ്ട്. കുഷ്ഠരോഗികളുടെ ജീവിതം തുറന്നുകാട്ടുന്ന അശ്വമേധം നാടകത്തിന് ജന്മം നൽകിയത് തോപ്പിൽ ഭാസി സാനിറ്റോറിയം ജയിൽ സന്ദർശിച്ചായിരുന്നു.
പതിനഞ്ചു വർഷം മുമ്പ് അവസാനമായി ജയിലിലെത്തിയത് കോഴിക്കോടുനിന്നുള്ള രണ്ടു കുഷ്ഠരോഗികളായിരുന്നു. പത്തു വർഷം മുമ്പ് സാനിറ്റോറിയം ജയിലുകൾ പുരാവസ്തുവകുപ്പ് ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു മുമ്പ് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ ഈ ജയിലുകൾ സന്ദർശിച്ചിരുന്നു. എന്നിട്ടും ജയിലുകളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണ മെന്ന ആവശ്യം ഇപ്പോഴും നിലനിൽക്കുയാണ്.
കൊടിക്കുന്നിൽ
സുരേഷ് എംപി
നിവേദനം നൽകി
ചാരുംമൂട്: നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ചരിത്രപ്രസിദ്ധമായ ജയിൽ സംരക്ഷിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര സാംസ്കാരിക വകുപ്പുമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകി. സാനിറ്റോറിയത്തിലെ ജയിൽ ചരിത്രസ്മാരകമായി നിലനിർത്തേണ്ടത് അനിവാര്യമാണ്. നിലവിൽ ഈ ജയിൽ ജീർണാവസ്ഥയിലായതിനാൽ അടിയന്തര സംരക്ഷണശ്രമങ്ങൾ ആവശ്യമാണ്.
ചരിത്രപരമായി പ്രാധാന്യമുള്ള ഇത്തരം ഒരു ജയിലിനെ അവഗണിക്കുന്നത് രാജ്യത്തിന്റെ പൈതൃകത്തിന് അപമാനമാണെന്നും ഈ സ്ഥലം എഎസ്ഐ ഏറ്റെടുത്ത് യഥാവിധി പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.