അതിദരിദ്ര കുടുംബങ്ങൾക്ക് ഓണക്കോടിയും കിറ്റും നൽകി നഗരസഭ
1453398
Sunday, September 15, 2024 12:12 AM IST
ചേര്‍ത്തല: ഓണം ആഘോഷിക്കാൻ 67 അതിദരിദ്ര കുടുംബങ്ങൾക്ക് എല്ലാമൊരുക്കിയ ചാരിതാർഥ്യത്തിലാണ് ചേര്‍ത്തല നഗരസഭാ അധികൃതര്‍. അതിദരിദ്ര കുടുബങ്ങൾക്ക് പ്രതിമാസം ഭക്ഷണത്തിനായുള്ള കിറ്റുകൾ നഗരസഭ നൽകുന്നുണ്ട്. അതിനു പുറമേയാണ് ഓണം പ്രമാണിച്ച് പ്രത്യേക കിറ്റും ഓണക്കോടിയും നൽകിയത്.
ഏതെങ്കിലുംവിധത്തിൽ ഓണസദ്യ ഒരുക്കാൻ ഇവരിൽ പലർക്കും കഴിഞ്ഞേക്കാമെങ്കിലും ആവശ്യമായ തുണിത്തരങ്ങൾ കിട്ടുക സാധാരണമായിരുന്നില്ല. ഇത്തവണ നഗരസഭ അതും ഉറപ്പാക്കുകയായിരുന്നു. ഓരോ കുടംബത്തിനും ആവശ്യമായ മസാലപ്പൊടികളും പയർ വർഗങ്ങളും പഞ്ചസാരയും തേയിലയും അവിലും ഓട്സും പായസകിറ്റും പാൽപ്പൊടിയും അടക്കമുള്ള ഓണവിഭവങ്ങൾ ഒരുക്കാനുള്ള സാധനങ്ങളും അടങ്ങിയ ഭക്ഷ്യകിറ്റാണ് വിതരണം ചെയ്തത്. അതിനൊപ്പം വീട്ടിലെ ആളുകളുടെ എണ്ണത്തിനും പ്രായത്തിനും ആവശ്യത്തിനും അനുസരിച്ച് പുതിയ സാരി, സെറ്റുമുണ്ട്, കൈലി മുണ്ട്, തോർത്ത്, ഷർട്ട്, നൈറ്റി, പെൺകുട്ടികൾക്ക് ചുരിദാർ എന്നിവയും ഓണസമ്മാനമായി നൽകി.
ഓണക്കിറ്റിന്റെയും ഓണപ്പുടവയുടെയും വിതരണം നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ശോഭാ ജോഷി, ജി. രഞ്ജിത്ത്, എ. എസ്. സാബു, ഏലിക്കുട്ടി ജോൺ കൗൺസിലർമാരായ ഡി. സൽജി, ഷീജാ സന്തോഷ്, പി.എസ്. ശ്രീകുമാർ, ആശാമുകേഷ് തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസർ പി.ഡി. സ്റ്റാലിൻ ജോസ്, പബ്ലിക് ഹെൽത്ത് നഴ്സ് എസ്.എസ്. സീന, ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.വി. സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.