വി.കെ. ബേബി കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം: കൊടിക്കുന്നിൽ സുരേഷ് എംപി
1453390
Sunday, September 15, 2024 12:12 AM IST
മാവേലിക്കര: കേരളത്തിൻ്റെ നെല്ലു സംഭരണ പ്രക്രിയയിൽ കാര്യമായ പുരോഗതി കൊണ്ടുവരുന്നതിനായി രൂപീകരിച്ച വി.കെ. ബേബി കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
കർഷകർ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ പരിഹരിക്കുന്നതിനും സംഭരണ സമ്പ്രദായത്തിൻ്റെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപന ചെയ്ത സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ നിഷ്ക്രിയത്വം പ്രകടിപ്പിക്കുന്നത് ഉചിതമല്ല. റിപ്പോർട്ടിന്മേൽ സർക്കാർ നടപടിയെടുക്കാത്തത് സംസ്ഥാനത്തെ കർഷക സമൂഹത്തോടുള്ള കടുത്ത അവഗണനയാണ്. സംഭരണത്തിലെ കാലതാമസം ഇല്ലാതാക്കാനും കർഷകർക്ക് ന്യായമായ മിനിമം താങ്ങുവില ഉറപ്പാക്കാനും സമിതിയുടെ ശിപാർശകൾ നടപ്പിലാക്കണം. നെല്ലിന്റെ പണം ലഭിക്കുവാനുള്ള കാലതാമസം കാരണം ഇതിനകംതന്നെ കർഷകർ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
സംഭരിച്ച നെല്ലിന്റെ പണം വൈകുന്നത് പല കർഷകരെയും സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിട്ടുണ്ടെന്ന് കൊടിക്കുന്നിൽ പറഞ്ഞു. സമിതിയുടെ നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ കേരളത്തിലെ നെൽകൃഷിയുടെ ഭാവി അപകടത്തിലാകുമെന്നും കൊടിക്കുന്നിൽ പ്രസ്താവനയിൽ പറഞ്ഞു .