മുട്ടം സ്കൂളിൽ രജതജൂബിലി ആഘോഷത്തിനു തുടക്കമായി
1453101
Friday, September 13, 2024 11:50 PM IST
ചേര്‍ത്തല: മുട്ടം ഹോളി ഫാമിലി ഹയര്‍ സെക്കൻഡറി സ്കൂളിലെ ഹയര്‍ സെക്കൻഡറി വിഭാഗത്തിന്റെ രജതജൂബിലി ആഘോഷത്തിന് തുടക്കം. ഒരു വർഷം നീളുന്ന ആഘോഷം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
എല്‍പി സ്കൂളിൽ നിർമിച്ച മില്ലേനിയം ബ്ലോക്കിന്റെ യും ഉച്ചഭക്ഷണ വിതരണ കേന്ദ്രത്തിന്റെയും എ.എം. ആരിഫിന്റെ പ്രാദേശിക വികസന പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജര്‍ റവ.ഡോ.ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് ലോഗോ പ്രകാശനം ചെയ്തു.
ഹയര്‍ സെക്കന്ററി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍ മുഖ്യപ്രഭാഷണവും റവ.ഡോ.ജോണ്‍ തെക്കനത്ത് അനുഗ്രഹ പ്രഭാഷണവും നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ ജോഷി, നഗരസഭ കൗൺസിലർ മിത്രവിന്ദാബായി, പിടിഎ പ്രസിഡന്റ് അഡ്വ. ജാക്സണ് മാത്യു, ഫരിദാബാദ് രൂപതാ വികാരി ജനറാൾ ഫാ. ജോൺ ചെഴിതറ, മുട്ടം പള്ളി ട്രസ്റ്റി സി.ഇ. അഗസ്റ്റിന്, എൻ.ജെ. വർഗീസ്, വി.ശ്രീഹരി എന്നിവർ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ വി.എച്ച്. ആന്റണി സ്വാഗതവും പ്രഥമാധ്യാപിക എം. മിനി നന്ദിയും പറഞ്ഞു.