ഇരു വൃക്കകളും തകരാറിലായ യുവതി സുമനസുകളുടെ കരുണ തേടുന്നു
1453097
Friday, September 13, 2024 11:50 PM IST
മങ്കൊമ്പ്: ആറുവയസുകാരൻ അയുഷിന് ഓരേ വാശിയാണ് എപ്പോഴും അവന് അമ്മയുടെ ഒക്കത്തിരിക്കണമെന്നത്. അമ്മ അസുഖ ബാധിതയാണെന്ന് അവന്റെ ഇളം മനസിനറിയില്ല. മകനെ എടുത്തുകൊണ്ട് നടക്കണമെന്നും അവന്റെ കുസൃതിയിൽ പങ്കുചേരണമെന്നും ആഗ്രഹമുണ്ടെങ്കിലും ഇരു വൃക്കകളും തകരാറിലായി ബുദ്ധിമുട്ടുന്ന വിദ്യമോൾക്ക് അതിനാകുന്നില്ല.
പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് കൊച്ചുതുണ്ടിയിൽ വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ വിദ്യമോളാണ് ഇരു വൃക്കകളും തകരാറിലായി തുടർ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്.
ആറു വർഷം മുന്പ് ആയുഷിനെ ഗർഭിണിയായിരിക്കന്പോഴാണ് വിദ്യയെ രോഗം പിടികൂടുന്നത്. പിന്നീട് വിവിധ ആശുപത്രികൾ മാറി മാറി പരിശോധനയും ചികിത്സയും ഒടുവിൽ എറണാകുളം അമൃത ആശുപത്രിയിലാണ് ഇരു വൃക്കകളും തകരാറിലാണെന്ന് ഈ നിർധന കുടുംബം അറിയുന്നത്. വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും നിർധന കുടുംബത്തിന് അത് താങ്ങാവുന്നതിനും അപ്പുറത്താണ്.
ചെത്തുതൊഴിലാളിയായ രഞ്ജിത്തിന്റെ ഏക വരുമാനം കൊണ്ടാണ് ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത്. ഭാര്യയുടെ ചികിത്സയ്ക്കും കുട്ടികളുടെ പരിചരണത്തിനും രഞ്ജിത്തിന്റെ സേവനം ആവശ്യമായതിനാൽ പലപ്പോഴും ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഇപ്പോൾ ചികിത്സയ്ക്കുതന്നെ വലിയ തുക ചെലവായി.
ബന്ധുക്കളും നാട്ടുകാരുമൊക്കെയാണ് ഇതുവരെ സഹായിച്ചത്. പലതും വിറ്റും പണയപ്പെടുത്തിയും പലിശയ്ക്ക് കടമെടുത്തും ഇതുവരെ ഒരുവിധം തള്ളിനീക്കി. തുടർ ചികിത്സയ്ക്ക് യാതൊരു മാർഗവുമില്ലാതെ വലയുകയാണ് ഈ കുടുംബം. ഈ ഓണനാളിൽ പുത്തനുടുപ്പണിഞ്ഞ് കളിചിരിയുമായി നടക്കേണ്ട അക്ഷയും സഹോദരൻ ഒന്പതു വയസുകാരൻ ഗൗതം കൃഷ്ണയും അമ്മയുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. സുമനസുകളുടെ സഹായം അവർക്ക് ഓണസമ്മാനമായെങ്കിലെന്ന് ഈ കുടുംബം ആഗ്രഹിക്കുന്നു.
അക്കൗണ്ട് നന്പർ-41498404024, ഐഎഫ്എസ് സി: SBIN 0070358. ഫോൺ: 9207443791.