അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിലും പൂർത്തിയാകാതെ കരുമാടി- വിളക്കുമരം റോഡ്
1452579
Wednesday, September 11, 2024 11:33 PM IST
മങ്കൊമ്പ്: എസി റോഡിൽ പണ്ടാരക്കുളം ജംഗഷനിൽനിന്ന് ആരംഭിക്കുന്ന ചെമ്പുംപുറം പിഎച്ച്സി-കരുമാടി വിളക്കുമരം റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അൻപതു വർഷങ്ങൾക്കു മുൻപാരംഭിച്ച റോഡ് നിർമാണം പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായി. നെടുമുടി ഗ്രാമപഞ്ചായത്തിന്റെ 13, 14, 15, വാർഡുകളിലൂടെകടന്നുപോകുന്ന റോഡ് പുളിക്കക്കാവ് ദേവസ്വം വരെ എത്തി നിൽക്കുകയാണ്.
പിഡബ്ല്യുഡി റോഡിന്റെ മൂന്നര കിലോമീറ്റർ ദൂരം മാത്രമാണ് ടാറിംഗ് പൂർത്തികരിച്ചിരിക്കുന്നത്. നേരത്തെ ഇവിടെ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നു. പുളിക്കക്കാവ് വരെയുള്ള കെഎസ്ആർടിസി ആലപ്പുഴ, ചങ്ങനാശേരി ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതുസംബന്ധിച്ച് 2023 ആഗസ്റ്റിൽ നടന്ന അദാലത്തിൽ പരാതി നൽകിയിരുന്നു.
എന്നാൽ, ഇതുവരെ തീരുമാനം ഉണ്ടാകാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പുളിക്കക്കാവ്, കുരീക്കാട് പാടശേഖരത്തിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമാണം പൂർത്തീകരിച്ചാൽ റോഡ് കഞ്ഞിപ്പാടം റോഡിൽ എത്തിച്ചേരും.
പ്രദേശത്തെ ജനങ്ങൾക്ക് വണ്ടാനം മെഡിക്കൽ കോളേജിലേക്കെത്താനുള്ള ഒരു ഏളുപ്പമാർഗമാണിത്. നിരവധി ആരാധനാലയങ്ങളാണ് ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്.
ഇതിനുപുറമേ പാടശേഖരത്തിന്റെ നടുവിൽ കൂടിയുള്ള റോഡ് പൂർത്തിയായാൽ അത് കർഷകർക്കും ഏറെ പ്രയോജനകരമാകും. നിലവിൽ ഈ പാടശേഖരങ്ങളിലെ നെല്ലുസംഭരണം ഏറെ പ്രയാസകരമാണ്.
നിരവധി സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, നെടുമുടി, ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന്, എടത്വാ, തലവടി എന്നീ ഗ്രാമപഞ്ചായത്തുകൾക്കുള്ള ചെമ്പുംപുറം പിഎച്ച്സി എന്നിവിടങ്ങളിലേക്കെത്താനും ജനങ്ങൾക്കു സഹായകരമാകും.
കഴിഞ്ഞ അൻപതു വർഷങ്ങളായുള്ള ജനങ്ങളുടെ അഭിലാഷമാണ് ഇന്നും പൂർത്തീകരിക്കാതെ കിടക്കുന്നത്. പലവട്ടം ജനപ്രതിനിധികൾ ഇതു സംബന്ധിച്ചു വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും നിരാശ മാത്രമാണ് ഫലം.
റോഡ് പൂർത്തീകരിച്ച് ഇതുവഴി ബസ് സർവീസ് യാഥാർഥ്യമാക്കിയാൽ കൈനകരി, നെടുമുടി, പുളിങ്കുന്ന് പ്രദേശവാസികൾക്ക് അത്് പ്രയോജനമാകും.