ഓണത്തപ്പാ വാ.. ഊഞ്ഞാലാടാൻ വാ... ജോമോന്റെ റെഡിമെയ്ഡ് ഊഞ്ഞാൽ റെഡി
1452295
Tuesday, September 10, 2024 10:46 PM IST
ആലപ്പുഴ: ഊഞ്ഞാലിൽ ഓണത്തിന്റെ മധുരസ്മൃതികളിലേക്ക് ആടിരസിക്കാൻ ഇനി ഊഞ്ഞാലുകെട്ടി വിഷമിക്കേണ്ട. കെട്ടാൻ ഇടം ഉണ്ടെങ്കിൽ ജോമോന്റെ ഇൻസ്റ്റന്റ് ഊഞ്ഞാലുണ്ട്. അതുകെട്ടി ഒറ്റയ്ക്കോ കൂട്ടമായോ ഓണപ്പാട്ട് താളത്തിൽ പാടി ഊഞ്ഞാലാടി രസിക്കാം. പത്തു വർഷങ്ങൾക്കു മുമ്പാണ് ആലപ്പുഴയിൽ എം.സി. ജോസഫ് ആൻഡ് സൺസ് ജനറൽ സ്റ്റോഴ്സ് എന്ന പേരിൽ ഷോപ്പ് നടത്തുന്ന ജോമോന്റെ മനസിൽ ഊഞ്ഞാൽ ആശയം ആടിത്തെളിഞ്ഞത്. പലക കയറിൽ തുളച്ച് ചേർത്ത് ഊഞ്ഞാൽ ഉണ്ടാക്കി വിപണിയിൽ എത്തിച്ചു. അതിന്റെ വിവിധ വാർത്തകൾ പുറത്തായതോടെ ഇപ്പോൾ ജോമോന്റെ ഫോണിലേക്ക് തിരുവനന്തപുരത്തും കോട്ടയത്തുനിന്നുമൊക്കെ ഊഞ്ഞാൽ തേടി വിളികൾ. ഇപ്പോൾ ജോമോന്റെ ഓണ ഊഞ്ഞാൽ നാട്ടിൽ ഹിറ്റായിരിക്കുന്നു.
പ്ലാസ്റ്റിക് കയറില്‍ മരത്തിന്റെ ഇരിപ്പിടങ്ങള്‍ പിടിപ്പിച്ച ഊഞ്ഞാലുകള്‍ക്ക് 350 രൂപ മുതല്‍ 1500 രൂപ വരെയാണു വില. തടിയുടെ ഗുണമേന്മ, കയറിന്റെ വണ്ണം, ഇരിപ്പിടത്തിന്റെ വലുപ്പം എന്നിവയനുസരിച്ചാണു വില. ഒരാള്‍ക്ക് ഇരിക്കാവുന്നതു മുതല്‍ മൂന്നാള്‍ക്ക് ഒരുമിച്ച് ഇരിക്കാവുന്ന ഊഞ്ഞാലുകള്‍ വരെയുണ്ട്. വിലകൂടിയ ഊഞ്ഞാലിൽ ഒരു ഫാമിലിക്ക് മൊത്തം ഇരുന്ന് ഒരുമിച്ച് ആടാം. കൂടുതൽ കുട്ടികൾക്ക് ഒരുമിച്ച് ഇത്തരം ഊഞ്ഞാലിൽ ആടാം. 20 തരം ഊഞ്ഞാലുകളാണ് ഇക്കുറി വില്പനയ്ക്ക് എത്തിച്ചിരിക്കുന്നതെന്ന് തോണ്ടന്‍കുളങ്ങരയിലെ കടയിലിരുന്ന് ജോമോന് ടി. പുത്തന്തയ്യില് പറയുന്നു. ഊഞ്ഞാല് കെട്ടാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം കയറിനായിരുന്നു മുന്‍പ് ഓണക്കാലത്ത് ആവശ്യക്കാരേറെയുണ്ടായിരുന്നത്. ഇപ്പോൾ ഊഞ്ഞാലിനായി ജോമോന്റെ കടയിൽ തിരക്കാണ്.
കയര്‍ ഉപയോഗിച്ച് ഊഞ്ഞാല് കെട്ടുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണു ഊഞ്ഞാലുകള്‍ തന്നെ നിര്‍മിച്ചു വില്പനയ്ക്കെത്തിച്ചത്. തുടക്കത്തില്‍ ഊഞ്ഞാലുകളില്‍ ഇത്തരം കയര്‍ തന്നെയാണ് ഉപയോഗിച്ചത്. എന്നാല്‍, ഊഞ്ഞാല്‍ക്കയറിന്റെ ബലത്തെക്കുറിച്ച് പുതിയ ആളുകള്‍ക്കു വലിയ അറിവില്ലാത്തതിനാല്‍ ഇപ്പോള്‍ പ്ലാസ്റ്റിക് കയറുകളാണ് ഉപയോഗിക്കുന്നതെന്ന് ജോമോന് പറഞ്ഞു.
വീടുകളിലും ഓഫിസ് വളപ്പിലുമെല്ലാം ഊഞ്ഞാലുകള്‍ ഉയര്‍ന്നു തുടങ്ങി. കയറുകളില്‍ പൂമാലകള്‍ കെട്ടിയ ഊഞ്ഞാലുകള്‍ കൂടുതല്‍ ഫോട്ടോജെനിക് ആയി. പൂക്കളമിട്ട് സദ്യയും കഴിഞ്ഞ് ആ ഊഞ്ഞാലില്‍ കയറി ഒന്നാടാതെ, ഒരു ചിത്രമെടുക്കാതെ ഓണമെങ്ങനെ പൂര്ണമാകുമെന്നതിന് ഉത്തരമാണ് ഇൻസ്റ്റന്റ് ഊഞ്ഞാൽ. കച്ചവടത്തിൽ ജോമോന് താങ്ങായി എല്ലാത്തിനു ഒപ്പം പിന്തുണയായി ഭാര്യ അർച്ചനയും ഉണ്ട്. രണ്ടു മക്കളും കൂടി അടങ്ങിയതാണ് ജോമോന്റെ കുടുംബം. സ്കൂൾ ഓണാവധിയോടുകൂടി ഊഞ്ഞാലിന് കൂടുതൽ ആവശ്യക്കാർ രംഗത്തുവരുന്നതായി ജോമോൻ പറയുന്നു. മരത്തില്‍ നീളന്‍ കയര്‍കെട്ടി, തെങ്ങിന് മടലോ പലകയോ ഇരിപ്പിടമാക്കി ഊഞ്ഞാല് ഒരുക്കാന്‍ പറ്റാത്തവര്‍ക്ക് വലിയ ആശ്വാസമാണ് ഇത്തരം ഊഞ്ഞാലുകൾ.