അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചു
1452292
Tuesday, September 10, 2024 10:46 PM IST
ചെങ്ങന്നൂര്‍: രാമങ്കരി മജിസ്ട്രേറ്റ് കോടതിയില്‍നിന്നു ജാമ്യത്തില്‍ ഇറക്കിയ പ്രതിയെ കോടതി വരാന്തയില്‍നിന്നു വീണ്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് ആലപ്പുഴ ബാറിലെ അഭിഭാഷകനായ കെ.ജെ.ഗോപകുമാറിനെ കൈയേറ്റം ചെയ്ത് ദേഹോപദ്രവം ഏല്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷകര്‍ ചെങ്ങന്നൂര്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ചു.
പ്രതിഷേധ പരിപാടികളുടെ ഭാഗമായി ചെങ്ങന്നൂര്‍ കോടതികളിലെ അഭിഭാഷകര്‍ ചെങ്ങന്നൂര്‍ ടൗണില്‍ പ്രകടനം നടത്തുകയും യോഗം സംഘടിപ്പിക്കുകയും ചെയ്തു.
കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പോലീസുകാര്‍ക്കെതിരേ കേസെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യണമെന്നും യോഗം പ്രമേയം മുഖേന മുഖ്യമന്ത്രി, ഡിജിപി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ബാര്‍ കൗണ്‍സില്‍ ചെയര്മാന് എന്നിവരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസ് അധ്യക്ഷനായി. പ്രതിഷേധ പരിപാടികളിലും യോഗത്തിലും അഭിഭാഷകരായ എബി കുര്യാക്കോസ്, പി.ജി. ശശിധരന്‍പിള്ള, പി.ഒ. ജോസ്, ടി.ജി. ശശിധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത് പ്രസംഗിച്ചു.