ശുചിമുറികള്‍ തുറന്നുകൊടുക്കുന്നില്ല: അധികൃതർക്കെതിരേ ജനരോഷം
1452023
Monday, September 9, 2024 11:46 PM IST
ചേര്‍ത്തല: രണ്ടരവര്‍ഷം മുമ്പ് ഉദ്ഘാടനം നടത്തി പ്രവര്‍ത്തനം തുടങ്ങിയ ശുചിമുറികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചിട്ട അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഉയരുന്നു. അര്‍ത്തുങ്കല്‍ കടല്‍ത്തീരത്ത് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്കായി ടേക് എ ബ്രേക്ക് പദ്ധതിയില്‍ നിര്‍മിച്ച ശുചിമുറികളാണ് ഉപയോഗിക്കപ്പെടാതെ നശിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടെ 13 ലക്ഷം രൂപ മുടക്കിയാണു ചേര്‍ത്തല തെക്ക് പഞ്ചായത്ത് അര്‍ത്തുങ്കല്‍ തീരത്തിനു വടക്കു ഭാഗത്തായി ശുചിമുറികള്‍ നിര്‍മിച്ചത്. ഉദ്ഘാടനം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ പൂട്ടിയ ശുചിമുറികളാണ് രണ്ടരവര്‍ഷമായി ഉപയോഗിക്കപ്പെടാതെ നശിക്കുന്നത്. ഉദ്ഘാടനം നടത്തി കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും കൃത്യമായ പരിപാലനം ഇല്ലാതെ വന്നതോടെയാണ് പൂട്ടിയത്.
പഞ്ചായത്ത് ഏറ്റെടുത്ത് നടത്തണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണു പ്രദേശവാസികളുടെ ആരോപണം. പഞ്ചായത്ത് മുമ്പ് നിര്‍മിച്ച ആറു ശുചിമുറികളും ഇതിനു സമീപം ഉപയോഗശൂന്യമായി നശിക്കുമ്പോഴാണു വീണ്ടും അവയ്ക്കു സമീപത്തു ടേക് എ ബ്രേക്ക് പദ്ധതിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി ശുചിമുറി നിര്‍മിച്ചത്. ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലും അര്‍ത്തുങ്കല്‍ കടല്‍ത്തീരത്തു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
എന്നാല്‍, തീരത്തെത്തുന്നവര്ക്കു ശുചിമുറിയില്‍ പോകാന്‍ മറ്റു മാര്‍ഗമില്ലാത്തത് ഇവിടെയെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വലയ്ക്കുകയാണ്. അര്‍ത്തുങ്കല്‍ തീരത്ത് ശുചിമുറികള്‍ക്കായി പൊതുജനങ്ങള്‍ പരക്കം പായുമ്പോള്‍ സമീപമുള്ള ശുചിമുറികള്‍ തുറന്നുകൊടുക്കാതെ അടച്ചിടുന്ന യാഥാര്ഥ്യബോധമില്ലാതെയുള്ള അധികൃതരുടെ നയത്തിനെതിരെ ജനരോഷം ഉയരുന്നു.