സ്ത്രീകൾക്കുള്ള കമ്പാർട്ടുമെന്റിൽ യാത്ര: ഏഴു പേർക്കെതിരേ നടപടി
1444646
Tuesday, August 13, 2024 10:33 PM IST
ചെങ്ങന്നൂർ: തീവണ്ടിയിൽ സ്ത്രീകളുടെ കമ്പാർട്ട്മെന്റി ൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്ക് എതിരേ ആർപിഎഫ് നിയമ നടപടി സ്വീകരിച്ചു.
എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ ട്രെയിൻ നമ്പർ 06769 മെമു ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ഏഴോളം പുരുഷ യാത്രക്കാർക്കെതിരേയാണ് ചെങ്ങന്നൂർ ആർപിഎഫ് കേസെടുത്തത്. വനിതാ യാത്രക്കാരുടെ പരാതിയെതുടർന്ന് ചെങ്ങന്നൂർ ആർപിഎഫ്. സിഐ എ.പി. വേണുവിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ എസ്. സുരേഷും സംഘവും നടത്തിയ അന്വേഷണത്തിൽ മെമു ട്രെയിനിൽ സ്ത്രീകൾക്കു വേണ്ടി മാത്രം സവരണം ചെയ്തിട്ടുള്ള കോച്ചിൽ പുരുഷ യാത്രക്കാരെ കണ്ടെത്തിയതിനെത്തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.
ഇന്ത്യൻ റെയിൽവേ നിയമം 162 പ്രകാരം ആണ് കുറ്റക്കാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കായി മാത്രം നീക്കിവച്ചിട്ടുള്ള വണ്ടിയിലോ മറ്റ് സ്ഥലങ്ങളിലേക്കോ പ്രവേശിക്കുന്ന പുരുഷ യാത്രക്കാരുടെ പാസോ, ടിക്കറ്റോ കണ്ടുകെട്ടുന്നതിനു പുറമേ നിശ്ചിത തുക പിഴ ചുമത്തുന്നതുൾപ്പെടെയുള്ള വിവിധ നടപടികളാണ് റെയിൽ നിയമം 162 -ാം വകുപ്പ് പ്രകാരം സ്വീകരിക്കുക.
വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള റെയ്ഡുകൾ ഉണ്ടായിരിക്കുമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെങ്ങന്നൂർ ആർപിഎഫ് സിഐ എ.പി. വേണു അറിയിച്ചു.