മാലിന്യസംസ്കരണ പ്ലാന്റ്: വൈദ്യുതി ലഭ്യമായാൽ പ്രവർത്തനത്തിനു റെഡി
1444641
Tuesday, August 13, 2024 10:33 PM IST
ചെങ്ങന്നൂർ: നഗരസഭയിൽ പുതുതായി സ്ഥാപിച്ച മാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തിക്കണമെങ്കിൽ വൈദ്യുതി കൂടി ലഭിക്കണം. സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമാണ് ജൈവ-അജൈവ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റ് നിർമിച്ചത്.
ഇലക്ട്രിക്കൽ ഇൻസ്പക്ടേറേറ്റിൽനിന്നുള്ള അനുമതി പ്രതീക്ഷിച്ചിരിക്കുകയാണെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയാൽ ഒരുമാസത്തിനുള്ളിൽ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങാനാകുമെന്ന് നഗരസഭാധ്യക്ഷ ശോഭാ വർഗീസ് പറഞ്ഞു. ഐആർടിസിയുടെ സാങ്കേതിക സഹകരണേത്തോടെയാണ് മാലിന്യ സംസ്കരണ പ്ലാന്റ് നിർമിച്ചത്.
പ്രതിദിനം 500 കിലോ മാലിന്യം സംസ്കരിക്കാൻ ഇതിനു ശേഷിയുണ്ട്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം മാലിന്യ പ്ലാന്റ് പരിശോധിച്ചിരുന്നു. 50 ലക്ഷം രൂപയോളം പ്ലാന്റ് നിർമാണത്തിനു ചെലവായി. 18 എയ്റോ കമ്പോസ്റ്റ് ബിന്നുകളു ണ്ടെന്നാണ് ഇതിന്റെ പ്രത്യേകത. 1,800 ചതുരശ്രഅടി വിസ്തീർണമാണുള്ളത്. ഇതിൽ 900 ചതുരശ്രയടിയിൽ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. മാലിന്യം തരംതിരിക്കുന്നതിന് 250 ചതുരശ്രയടിയിൽ മുറിയുണ്ട്.
കൂടാതെ തൊഴിലാളികൾക്ക് ഡ്രസിംഗ് റൂം, ശൗചാലയം, ഓഫിസ് മുറി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പ്ലാൻ ഫണ്ടുപേയോഗിച്ചായിരുന്നു നിർമാണം. പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയാൽ ആറുമാസത്തോളം ഐആർടിസിയുടെ സാങ്കേതിക വിദഗ്ധർ പ്ലാന്റിന്റെ പ്രവർത്തനത്തിനു സഹായം നൽകാനുണ്ടാകും. നിലവിൽ നഗരസഭയ്ക്ക് പ്ലാന്റില്ലാത്തതിനാൽ മാലിന്യസംസ്കരണം വെല്ലുവിളിയാണ്. ശബരിമല സീസൺ കാലത്ത് പ്രശ്നം രൂക്ഷമാകാറുണ്ട്. ശാസ്താംപുറം മാർക്കറ്റ് നവീകരണ പദ്ധതിയിലും മാലിന്യസംസ്കരണ പ്ലാന്റുണ്ട്. മാർക്കറ്റ് നിർമാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
ഖരമാലിന്യ
പരിപാലന പദ്ധതി
ചെങ്ങന്നൂർ നഗരസഭയ്ക്കും താലൂക്കിലെ പഞ്ചായത്തുകൾക്കും കൂടി ഉപയുക്തമാകുന്ന വിധം ഖരമാലിന്യ പരിപാലന പദ്ധതിക്കുവേണ്ടി വർഷങ്ങൾക്കു മുമ്പ് നഗരമധ്യത്തിലെ പെരുംങ്കുളം പാടത്ത് സ്ഥലം കണ്ടത്തുകയും നഗരസഭ ബജറ്റിൽ തുക വകയിരുത്തുകയും ചെയ്തെങ്കിലും ചില കാരണങ്ങളാൽ തുടർ നടപടയുണ്ടായില്ല. നിലവിൽ നിർദിഷ്ട സ്ഥലത്ത് ചെങ്ങന്നൂർ സ്റ്റേഡിയം നിർമാണത്തിനായി സ്പോർട്സ് കൗൺസിൽ ഏറ്റെടുക്കുകയാണുണ്ടായത്. പിന്നീട് ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ നഗരസഭയ്ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.