കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ചു; ഒരാൾക്കു ഗുരുതര പരിക്ക്
1444385
Monday, August 12, 2024 11:51 PM IST
മങ്കൊമ്പ്: ക്ഷേത്രദർശനം കഴിഞ്ഞ് അയൽവാസിയായ യുവതിക്കൊപ്പം വീട്ടിലേക്കു നടന്നുനീങ്ങുന്നതിനിടെ കാറിടിച്ചു വീട്ടമ്മ മരിച്ചു. മങ്കൊമ്പ് തെക്കേക്കര കൊച്ചുപറമ്പ് ശ്രീനിലയത്തിൽ സജിയുടെ ഭാര്യ സുമയാ(47)ണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ എസി റോഡിൽ മങ്കൊമ്പ് തെക്കേക്കരയിലായിരുന്നു സംഭവം. തലയ്ക്കു ഗുരുതര പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന ഗീത സദനത്തിൽ ലതയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെക്കേക്കരയിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും വീടിനു സമീപത്ത് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണു. തലയ്ക്കു ഗുരുതര പരിക്കേറ്റ സുമ സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു.
സുമയുടെ ഭർത്താവ് സജി സൗദി അറേബ്യയിലാണ്. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. മക്കൾ: ആകാശ് (അനസ്തേഷ്യ ഡിപ്ലോമ വിദ്യാർഥി), വൈഗ (ഒമ്പതാം ക്ലാസ് വിദ്യാർഥിനി).