കെട്ടുപിണഞ്ഞ കയർ മേഖലയും തൊഴിലാളികളുടെ പ്രശ്നങ്ങളും
1444379
Monday, August 12, 2024 11:51 PM IST
ആലപ്പുഴ: ആലപ്പുഴയിലെ കയർ ഉത്പന്നങ്ങൾ ലോക പ്രസിദ്ധമാണ്. എന്നാൽ, കയർമേഖലയിലെ കാര്യമെടുത്താൽ കഷ്ടത്തിലാണ്. ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിർമിക്കുന്ന കയറുത്പന്നങ്ങളാണ് ആലപ്പുഴ കയർ എന്നറിയപ്പെടുന്നത്.
ലോക വ്യാപാര സംഘടനയുടെ ‘ഭൂപ്രദേശ സൂചകം’ എന്ന അംഗീകാരം ലഭിച്ചതോടെയാണ് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നിർമിക്കുന്ന കയറിന് ജനപ്രീതി വർധിച്ചത്. ആലപ്പുഴ കയർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയതും. കയർത്തൊഴിലാളി ഉത്പാദിപ്പിക്കുന്നത് കയറും കയർ ഉത്പന്നങ്ങളുമാണ്. കയർ വാങ്ങി സംഭരിക്കുന്നതു കയർ സംഘങ്ങളുടെ അപെക്സ് ബോഡിയായ കയർഫെഡാണ്. കയർ ഉത്പന്നങ്ങൾ സംഭരിക്കുന്നത് കയർ വികസന കോർപറേഷനും. സർക്കാരിന്റെ നിയന്തണത്തിലായ കയർമേഖല തകർച്ചയുടെ വക്കിലാണ്.
കയർ വ്യവസായമേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി നവകേരള സദസിനോടനു ബന്ധിച്ച് കലവൂർ കാമിലോട്ട് കൺവൻഷൻ സെന്ററിൽ പറഞ്ഞിരുന്നു. കയർ വ്യവസായവുമായി ബന്ധപ്പെട്ട് യോഗത്തിലുയർന്ന ആശങ്കകളോട് മുഖ്യമന്ത്രി അങ്ങനെയാണ് പ്രതികരിച്ചത്.
ഇതിനായി ഉത്പാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായെല്ലാം ചർച്ച നടത്തി ആവശ്യമായ പദ്ധതികൾ പ്രായോഗികമായതായി തൊഴിലാളികൾക്ക് അനുഭവപ്പെട്ടിട്ടില്ല. കയർ വ്യവസായ സംരക്ഷണത്തിനായി രൂപീകരിച്ച കയർ വിദഗ്ധസമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കി വരണം.
കയർഫെഡിൽ 2022- 23 കാലഘട്ടം വരെ 70,000 ടൺ കയർ കെട്ടിക്കിടന്നതിന്റെ വിലയായ 70 കോടി രൂപയും ഡീ ഫൈബർ മില്ലുകൾക്ക്, കയർഫെഡ് വാങ്ങിയ ചകിരിയുടെ വിലയായ നാലു കോടി രൂപയും കുടിശികയായിരുന്നു. തീരുമാനങ്ങൾ വേഗത്തിലെടുക്കുക, ജനങ്ങൾക്ക് തീരുമാനങ്ങളുടെ സ്വാദ് അനുഭവിക്കാനാകുക എന്നതാണ് സർക്കാർ നയമെന്ന് പറയുന്നെങ്കിലും പലവിധ പ്രതിസന്ധികൾ നിലനിൽക്കുകയാണ്.
കയർ കോർപറേഷനിൽ കെട്ടിക്കിടക്കുന്ന കയർ ഉത്പന്നങ്ങളും കയർഫെഡിൽ കെട്ടിക്കിടക്കുന്ന കയറും സർക്കാർ റിബേറ്റ് പ്രഖ്യാപിച്ച് 30 മുതൽ 50 ശതമാനം വരെ നഷ്ടം സഹിച്ച് വിൽക്കുന്നതും ലഭിക്കുന്ന പണം ഉപയോഗിച്ച് കയർ സംഘങ്ങൾക്കും തൊഴിലാളിക്കും കുടിശിക കൊടുക്കുന്നതുമാണ് പതിവ്. ഓണം, വിഷു പോലുള്ള ഉത്സവ സീസണുകളിൽ കൂടുതൽ വിറ്റുപോകാൻ സാധ്യതയുള്ള ഉത്പന്നങ്ങൾ നിർമിക്കാൻ കയർസംഘങ്ങൾക്കു മുൻകൂട്ടി ഓർഡറും പണവും നൽകി സംഭരിക്കുന്ന രീതിയും മുൻപുണ്ടായിരുന്നു. ചലനമറ്റ കയർസംഘങ്ങൾക്കു പ്രവർത്തന മൂലധനവും നൽകുമായിരുന്നു. നിലവിൽ ഇതു പലതും മുടങ്ങിയെന്നാണ് ആക്ഷേപം.