കായംകുളത്തെ ഉയരപ്പാതനിര്മാണം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നു കെ.സി. വേണുഗോപാൽ
1444118
Sunday, August 11, 2024 11:20 PM IST
കായംകുളം: ദേശീയപാതയിൽ കായംകുളത്തെ ഉയരപ്പാത നിര്‍മാണം ഉള്‍പ്പെടെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുഭാവപൂര്‍വമായ നിലപാടാണ് മന്ത്രിക്കുള്ളതെന്നും കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
ദേശീയപാത അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അയയ്ക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതുവരെ അയയ്ക്കാത്തതിലെ പ്രതിഷേധം കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയിലും പങ്കുവച്ചു. എത്രയുംവേഗം അയയ്ക്കുമെന്നാണ് മന്ത്രി വീണ്ടും ഉറപ്പുനല്‍കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം ഏതോ ഒരു ഉദ്യോഗസ്ഥന് ആരെയും അറിയിക്കാതെ സ്വകാര്യ സന്ദര്‍ശനം നടത്തി മടങ്ങിയതായി അറിയാന്‍ കഴിഞ്ഞു.
അത് അംഗീകരിക്കാനാവില്ല. ആരെയും അറിയിക്കാതെയും ചര്‍ച്ചകള്‍ നടത്താതെയും ഒരു ഉദ്യോഗസ്ഥന് സ്വകാര്യ സന്ദര്‍ശനം നടത്തി മടങ്ങിയിട്ട് കാര്യമില്ല. വികസന പദ്ധതികള്‍ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാകണം. വികസനത്തിന് ആരുമെതിരല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ മുന്നോട്ടുപോകാനാവില്ലന്നും കെ.സി. വേണുഗോപാൽ കായംകുളത്ത് പറഞ്ഞു.