ആർക്കും വേണ്ടാത്ത മാന്നാർ ബസ് സ്റ്റാൻഡ്
1444114
Sunday, August 11, 2024 11:20 PM IST
മാന്നാര്‍: മാന്നാര്‍ ബസ് സ്റ്റാന്‍ഡ് ആര്‍ക്കും വേണ്ടാതായി. ബസുകള്‍ പേരിനു പോലും കയറാതായതോടെ ഇത് എന്തിനുവേണ്ടിയാണെന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബസുകള്‍ കയറാതായതോടെ യാത്രക്കാരും മാന്നാര്‍ ബസ് സ്റ്റാന്‍ഡിനെ കൈയൊഴിഞ്ഞു. കാല് നൂറ്റാണ്ടിനോടടുക്കുന്ന ഈ സ്റ്റാന്‍ഡില്‍ ബസുകള്‍ കയറിയത് കുറഞ്ഞദിവസങ്ങളില്‍ മാത്രമാണ്. എസ്. രാമചന്ദ്രന്‍പിള്ള എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2000ല്‍ നിര്‍മിച്ച മാന്നാര്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് തിരുവല്ല-കായംകുളം സംസ്ഥാനപാതയില്‍നിന്നും 100 മീറ്റര്‍ മാറി സ്റ്റോര്‍ ജംഗ്ഷനില്‍ മാന്നാര്‍-പുലിയൂര്-ചെങ്ങന്നൂര്‍ പാതയോരത്താണ് നിര്‍മിച്ചിരിക്കുന്നത്.
സംസ്ഥാനപാതയില്‍നിന്ന് നൂറുമീറ്റര്‍ മാറിയായതിനാല്‍ ദൂരക്കൂടുതലും ചുറ്റിക്കറക്കവും കാരണങ്ങള്‍ പറഞ്ഞ് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ ആദ്യ കാലങ്ങളില്‍ സ്റ്റാന്‍ഡില്‍ കയറിയിരുന്നില്ല. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാന്നാറില്‍ ബസ് സ്റ്റാന്‍ഡ് ഉണ്ടെന്നു പോലും അറിയുകയില്ല. സാമൂഹ്യപ്രവര്‍ത്തകര്‍ കോടതികയറിയതിന്റെ ശ്രമഫലമായിട്ടാണ് ഏതാനും ബസുകള്‍ സ്റ്റാന്‍ഡില്‍ കയറിത്തുടങ്ങിയത്. നാളുകള്‍ പിന്നിട്ടപ്പോള്‍ വീണ്ടും ബസുകള്‍ കയറാതായതി. തുടര്‍ന്ന് മാന്നാര്‍ ഗ്രാമപഞ്ചായത്ത് നടപടി എടുത്തതിനാല്‍ സ്റ്റാന്‍ഡില്‍ കയറിത്തുടങ്ങിയ ബസുകള്‍ വീണ്ടും സ്റ്റാന്‍ഡിനെ കൈയൊഴിഞ്ഞിരിക്കുകയാണ്.
ടാറിംഗ് മുഴുവന്‍ ഇളകി വെള്ളക്കെട്ടായിക്കിടന്ന ബസ് സ്റ്റാന്‍ഡിന്റെ ചെറിയ ഒരു ഭാഗം മാത്രം ഈ അടുത്ത സമയത്ത് ടാര്‍ ചെയ്തിരുന്നെങ്കിലും ബാക്കി ഭാഗം തകര്‍ന്നുതന്നെ കിടക്കുകയാണ്. സ്റ്റാന്‍ഡിന്റെ കാത്തിരുപ്പു കേന്ദ്രത്തിന്റെ സീലിംഗുകളും ബോര്‍ഡുകളും എല്ലാം ഇളകി. ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോകുന്നവര്‍ ബസ് സ്റ്റാന്‍സില്‍ കാത്തുനില്‍ക്കുമെങ്കിലും ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ റോഡിന്റെ എതിര്‍വശത്തു നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റി ഇറക്കുന്നത്.
ഈ ബസില്‍ കയറാനുള്ളവര്‍ ഓടി റോഡ് മുറിച്ചുകടക്കുന്നതു മൂലം അപകടങ്ങളും പതിവാകുന്നു. തിരുവല്ല, മാവേലിക്കര ഭാഗങ്ങളിലേക്കു പോകുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ സ്റ്റോര്‍ ജംഗ്ഷനിലെ സിഗ്നലിനു സമീപം നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
രണ്ടു പതിറ്റാണ്ട് പിന്നിട്ട മാന്നാര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനു കഴിഞ്ഞ വര്‍ഷമാണ് അംഗീകാരം ആവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ചെയര്‍മാനായ കളക്ടര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നല്‍കുന്നത്. തുടര്‍ന്ന് ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ എംവിഐ ബി. ജിനേഷ്, എഎംവിഐ ശ്യാംകുമാര്‍ എന്നിവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, അസി. സെക്രട്ടറി ഹരികുമാര്‍, ഓഫീസ് അസി. ജിതേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ബസ് സ്റ്റാന്‍ഡിലെത്തി പരിശോധന നടത്തുകയുണ്ടായി.
എന്നാല്‍, നിരവധി പോരായ്മകള്‍ കണ്ടതിനെത്തുടര്‍ന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അപക്ഷ തള്ളി. നാലു ബസുകള്‍ക്കെങ്കിലും ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ബസുകള്‍ കയറി ഇറങ്ങി പോകുന്നതിനായി കൂടുതല്‍ സൗകര്യങ്ങളും ഒരുക്കണമെന്നാണ് പ്രധാനമായും ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ചൂണ്ടിക്കാട്ടിയത്.
നിലവിലെ ഭരണസമിതിയാണ് ബസ് സ്റ്റാന്‍ഡിന്റെ അംഗീകാരത്തിനായി പരിശ്രമങ്ങള്‍ നടത്തിയത്. പോരായ്മകള്‍ പരിഹരിച്ച് ബസ് സ്റ്റാന്‍ഡ് നവീകരിക്കുന്നതിനായി പദ്ധതി സമര്‍പ്പിക്കുമെന്നും ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നതിനു നടപടികള്‍ കൈക്കൊള്ളുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി പറഞ്ഞു.