പുനരധിവാസം വേഗത്തിലാക്കും: മന്ത്രി വി.എന്. വാസവന്
1443779
Sunday, August 11, 2024 2:28 AM IST
ചേർത്തല: വയനാട് ദുരന്തബാധിതർക്കുള്ള പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വയനാടിന്റെ അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി എസ്എൻഡിപി യോഗം സമാഹരിച്ച തുക കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചായിരിക്കും പുനരധിവാസം സാധ്യമാക്കുക.
ഭരണ-പ്രതിപക്ഷകക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നുണ്ടെന്നും മന്ത്രി വി.എന്. വാസവന് പറഞ്ഞു. വയനാടിന്റെ അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി എസ്എൻഡിപി യോഗത്തിന്റെ 25 ലക്ഷം രൂപയുൾപ്പെടെ ആദ്യഘട്ട സഹായമായി 72 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
എസ്എൻഡിപി യോഗത്തിന്റെ ചെക്ക് പ്രസിഡന്റ് ഡോ.എം.എൻ. സോമനും എസ്എൻ ട്രസ്റ്റിന്റെ ചെക്ക് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും മന്ത്രിക്കു കൈമാറി. യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ, യോഗം കൗൺസിലർ പി.എസ്.എൻ. ബാബു, കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ. ധനേശൻ, കെ.എൽ. അശോകൻ എന്നിവർ പങ്കെടുത്തു.