പുരാതന കെട്ടിടത്തിനു തുക പോര: ദേവസ്വം ബോർഡിനെതിരേ പ്രതിഷേധം
1443179
Thursday, August 8, 2024 11:34 PM IST
അന്പലപ്പുഴ: ക്ഷേത്രത്തിലെ പുരാതന കെട്ടിടം നിസാര തുകയ്ക്ക് ദേവസ്വം ബോർഡ് നൽകിയതിനെതിരേ പ്രതിഷേധം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തകഴി ധർമശാസ്താ ക്ഷേത്രത്തിലെ അതി പുരാതനമായ കെട്ടിടമാണ് ലേലം ചെയ്തത്.
സദ്യാലയത്തിനു സമീപത്തുള്ള കെട്ടിടം ജൂലൈ മൂന്നിനാണ് ലേലം ചെയ്തത്. ദേവസ്വം ബോർഡ് മരാമത്തുവകുപ്പ് മാവേലിക്കര എക്സിക്യൂട്ടീവ് ഓഫീസിൽനിന്നാണ് ലേല നടപടികൾ ചെയ്തത്. ജിഎസ്ടി ഉൾപ്പെടെ 10,738 രൂപയ്ക്കാണ് ആലപ്പുഴ സ്വദേശി ഈ കെട്ടിടം പൊളിക്കാൻ ലേലം കൊണ്ടത്.
ഈ കെട്ടിടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ തേക്കിൻ തടികളുണ്ടായിരുന്നു. ഇതിന്റെ മതിപ്പ് വില കൂട്ടാതെയാണ് ദേവസ്വം ബോർഡ് കെട്ടിടം ലേലം ചെയ്തതെന്ന് ഭക്തർ ആരോപിക്കുന്നു. കൂടാതെ കരിങ്കല്ല് കൊണ്ട് നിർമിച്ച കെട്ടിടത്തിൻ്റെ ഭിത്തിയുടെ മതിപ്പ് വിലയും ദേവസ്വം ബോർഡ് കണക്കുകൂട്ടിയിരുന്നില്ല. ജെസിബി ഉപയോഗിച്ച് കരാറുകാരൻ കെട്ടിടം പൊളിച്ചശേഷം ഏതാനും ലോഡ് തേക്കിൻ തടികളും കരിങ്കല്ലും ടിപ്പർ ലോറിയിൽ കയറ്റി പോയി.
ഇതിനിടെ ഒരുകൂട്ടം ഭക്തരെത്തി ഇതു തടയുകയായിരുന്നു. ദേവസ്വം ബോർഡിന് വലിയ തുക നഷ്ടം വരുത്തുന്ന രീതിയിലാണ് കെട്ടിടത്തിന്റെ ലേലം നടത്തിയതെന്ന് ഭക്തർ ആരോപിച്ചു. ദേവസ്വം ബോർഡും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും ഇവർ ആരോപിച്ചു. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് ലേല നടപടികൾ നടന്നതെന്ന് ദേവസ്വം മാനേജർ എസ്. മധു പറഞ്ഞു.