ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജിവനം: ഹൈക്കോടതിക്കും അതൃപ്തി
1443170
Thursday, August 8, 2024 11:34 PM IST
ചെങ്ങന്നൂർ: ഒഴുക്കുനിലച്ച ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനം നടപടിയില്ലാത്തതില്‍ ആലാ റൂറല്‍ ഡവലപ്മെന്റ് ആന്‍ഡ് കള്‍ചറല്‍ സൊസൈറ്റി ഹൈക്കോടതിയിൽ വീണ്ടും ഹര്‍ജി നല്കി. കോടതി അതൃപ്തി അറിയച്ചതിനെത്തുടർന്നു കൈയേറ്റക്കാര്‍ക്കു വീണ്ടും പഞ്ചായത്തുകള്‍ നോട്ടിസ് നല്കി.
2018-ലെ ഹൈക്കോടതിയുടെ വിധി നാളിതുവരെ നടപ്പാക്കത്തതിലാണ് കോടതി അതൃപ്തി പ്രകടപ്പിച്ചത്. വെണ്മണിയില് അച്ചന്കോവിലാറ്റില്നിന്നു തുടങ്ങി ബുധനൂര്‍ ഇല്ലിമലയില്‍ പമ്പയാറ്റില്‍ അവസാനിച്ചിരുന്ന നദിയാണ് ഉത്തരപ്പള്ളിയാര്‍.
കൈയേറ്റങ്ങൾ ഒഴിപ്പിച്ച് നദിയെ വീണ്ടെടുക്കാനുള്ള നടപടി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. സർവേ കഴിഞ്ഞിട്ട് വർഷങ്ങളേറെയായെങ്കിലും കൈയേറ്റങ്ങൾക്കറുതിയില്ല. മാലിന്യം തള്ളലും കൈയേറ്റവും മൂലം ആറിന്റെ ഒഴുക്ക് ഇല്ലാതായിട്ടു വര്‍ഷങ്ങളേറെയായി. വർഷങ്ങളായുള്ള കൈയേറ്റങ്ങളാണ് ആറിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം.
പ്രകൃതി - പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെയും ഏതാനും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നിരന്തരമായ നിവേദനങ്ങളും സമരങ്ങളും ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാനുള്ള നടപടികൾക്കു സർക്കാർ ഉത്തരവിറക്കുകയും അതനുസരിച്ച് റവന്യു സംഘം സർവേ നടപടികളും പൂർത്തിയാക്കിയിരുന്നു. അന്തരിച്ച മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന് നായരുടെ നേതൃത്വത്തില്‍ 2015ലാണു നദി വീണ്ടെടുക്കാനുളള ശ്രമം ആരംഭിച്ചത്.
വെണ്മണി, ആലാ, ചെറിയനാട്, പുലിയൂര്, ബുധനൂര്‍ പഞ്ചായത്തുകളിലൂടെയാണു നദി കടന്നു പോകുന്നത്. മേഖലയിലെ ഹെക്ടര്‍ കണക്കിനു പാടശേഖരങ്ങളിലെ കൃഷിക്ക് ആവശ്യമായ ജലം എത്തിയിരുന്നത് നദിയിലൂടെയായിരുന്നു.
നദി ഇല്ലാതായതോടെ ഈ പാടശേഖരങ്ങള്‍ വര്‍ഷങ്ങളായി തരിശുകിടക്കുകയാണ്. അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയിക്കാനും കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് പൂര്‍വസ്ഥിതിയിലാക്കാനും തീരുമാനിച്ചെങ്കിലു നാളിതുവരെയായി നടപടിയായിട്ടില്ല. നദിയിലുടനീളം ചെറുതും വലുതുമായ 145 കൈയേറ്റങ്ങള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍.
സര്‍വേക്കല്ലുകള്‍ സ്ഥാപിച്ച് നദി കൈയേറിയവര്‍ക്കു നോട്ടിസ് നല്‍കുകയും ചെയ്തു. 48 പേര് നദി കയ്യേറിയതായും കണ്ടെത്തി. യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ ഭൂമി നദിക്കായി വിട്ടുനല്‍കാന്‍ ഇവര്‍ സമ്മതപത്രം നല്‍കിയാതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അളന്നു തിട്ടപ്പെടുത്തിയ ഈ ഭാഗത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുളള നടപടികളും തുടങ്ങിയിരുന്നു. എന്നാൽ, പിന്നെയും വർഷങ്ങൾ കഴിഞ്ഞിട്ടും ഉത്തരപ്പള്ളിയാറ്റിലെ നീരൊഴുക്കിനുള്ള തുടർ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഇനിയും തയാറായിട്ടില്ലെന്ന് ആലാ റൂറൽ ഡവലപ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ പറയുന്നു.
ആലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ കൈയേറ്റം നടന്നിട്ടുള്ളതെന്ന് പലസർവേ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ആറിന്റെ ചില ഭാഗത്ത് 25 മീറ്ററോളം വീതിയുള്ളപ്പോൾ ചിലേടത്ത് കൈത്തോടിന്റെ വലിപ്പം പോലുമില്ല. കൈയേറിയ ഭാഗങ്ങളിൽ കെട്ടിടങ്ങൾ പോലും നിർമിച്ചിരിക്കുന്നു.
കെട്ടിക്കിടക്കുന്ന മലിനജലം ഉറവകളായി ഒലിച്ചിറങ്ങി ആറിന്റെ സമീപ പ്രദേശങ്ങളിലെ കിണറുകളിൽ എത്തുന്നതുമൂലം കാൻസർ പോലുള്ള മാരകരോഗങ്ങൾ വരെ ഉണ്ടാകാനും സാധ്യത ഏറെയാണ്.
അതേസമയം, പുഴ ഒഴുകിയിരുന്ന പ്രദേശങ്ങളിൽ വൻ മണൽ ശേഖരത്തിന്റെ സാന്നിധ്യമുണ്ട്. മേൽമണ്ണ് മാറ്റിയാൽ 25 അടി മുതൽ 40 അടി ആഴത്തിൽ വരെ മണലാണ്.
ഇവിടെ അനധികൃത മണലൂറ്റ് മുൻപ് നടന്നിരുന്നു. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ഉത്തരപ്പള്ളിയാറ് സംരക്ഷിക്കണമെന്ന ആവശ്യവും കടലാസിൽ ഒതുങ്ങി. ഇക്കാര്യത്തിൽ ഡോ.സ്വാമിനാഥൻ കമ്മീഷൻ ആലാ റൂറൽ ഡവലപ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സമീപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ഉത്തരപ്പള്ളിയാറിന്റെ പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുകയും പുനരുദ്ധാരണ പദ്ധതിയിൽ ഉന്നരപ്പള്ളിയാറ് ഉൾപ്പെടുത്തുമെന്ന് സമ്മതിക്കുകയും ചെയ്തിതിരുന്നു.