ദേശാടനപ്പക്ഷികൾ എത്തി; ആശങ്കയിൽ ചെന്നിത്തല
1438289
Monday, July 22, 2024 11:41 PM IST
മാന്നാർ: ദേശാടനപ്പക്ഷികൾ ഒരു ദേശത്തിനു തന്നെ ഭീഷണിയാകുന്നു. കൊയ്തൊഴിയുന്ന പാടശേഖരങ്ങളിൽനിന്ന് ഇരതേടാനായി വർഷങ്ങളായി ദേശാടന പ്പക്ഷികൾ ചെന്നിത്തല ഗ്രാമത്തിൽ എത്താറുണ്ട്.
ഇവ വൈകുന്നേരങ്ങളിൽ ഇവിടെയുള്ള കൂറ്റൻ മരങ്ങളിൽ ചേക്കേറുന്നതും പതിവാണ്. ഒന്നോ രണ്ടോ മാസത്തെ ദേശാടനത്തിനുശേഷം തിരികെ പോകുകയാണ് പതിവ്. വെള്ളയും തവിട്ടും നിറമുള്ള ദേശാടനപ്പ ക്ഷികൾ മരത്തിൽ കൂടുകൂട്ടി ചേക്കേറുന്ന മനോഹര കാഴ്ച കാണുവാൻ നിരവധി പേർ എത്താറുമുണ്ട്. എന്നാൽ, ഇത്തവണ ഇവയുടെ ചേക്കേറൽ നാട്ടുകാരിൽ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ജില്ലയിലുടനീളം ജാഗ്രത പുലർത്തുന്പോൾ ദേശാടനപ്പക്ഷികൾ എത്തിയതാണ് ചെന്നിത്തല ഗ്രാമത്തിനെ ഭീതിയിലാക്കുന്നത്.
മാവേലിക്കര-മാന്നാർ സംസ്ഥാനപാതയിൽ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ കല്ലുംമൂട് ജംഗ്ഷന് വടക്കുവശം ചെന്നിത്തല മഹാത്മാ സ്കൂളിനും അയ്യക്കശേരിൽ ക്ഷേത്രത്തിനും സമീപം റോഡിന്റെ പടിഞ്ഞാറു വശത്തുള്ള രണ്ടു വൃക്ഷങ്ങളിലായി നൂറുകണക്കിനു ദേശാടനപ്പക്ഷികളാണ് ചേക്കേറിയിരിക്കുന്നത്.
ഇവയുടെ കാഷ്ടം വീണ് ഇരുചക്രവാഹനക്കാരും കാൽനടയാത്രക്കാരുമാണ് ഏറെ ദുരിതത്തിലാകുന്നത്. കല്ലുംമൂട് ജംഗ്ഷനും മഹാത്മാ സ്കൂളിനും മധ്യേയുള്ള റോഡ് കാഷ്ഠം വീണ് വെളുത്തു കിടക്കുകയാണ്. പക്ഷികളുടെ കാഷ്ഠം ഭയന്ന് കടകളിലേക്ക് എത്താൻ ഉപഭോക്താക്കൾ മടിക്കുന്നതു കാരണം സമീപത്തുള്ള വ്യാപാരികളും ഏറെ കഷ്ടത്തിലാണ്.
ദുരിതത്തിനു പരിഹാരം ആവശ്യപ്പെട്ട് ചെന്നിത്തല - തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ആലപ്പുഴ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതിനെതുടർന്ന് പരാതിയിൽ നടപടി സ്വീകരിച്ച് അപേക്ഷകനെ അറിയിക്കാനും കളക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യാനും പഞ്ചായത്ത് സെക്രട്ടറിയോട് കളക്ടർ ആവശ്യപ്പെട്ടെങ്കിലും തുടർ നടപടികളുണ്ടായില്ല.
2014, 2016 വർഷങ്ങളിൽ ജില്ലയിൽ പക്ഷിപ്പനി പടർന്നത് ദേശാടനപ്പക്ഷികളിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. പ്രധാനമായും കറുത്ത നീര്കാക്കകളും കൊക്ക് മുണ്ടിയോട് രൂപസാദൃശ്യമുള്ള വലിപ്പം കൂടിയ വെള്ള പക്ഷികളുമാണ് ചെന്നിത്തല കല്ലുംമൂട് ഭാഗത്തു ചേക്കേറിയിട്ടുള്ളത്.
ചുള്ളിക്കമ്പുകൾ കൊണ്ട് നിർമിച്ച കൂടുകൾ മരങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. മരങ്ങൾക്ക് താഴെ കാഷ്ടവും തീറ്റയുടെ അവശിഷ്ടവും തൂവലുംകൊണ്ടു മലീമസമായിരിക്കുകയാണ്. ഇതിനിടയിൽ ഒന്ന്, രണ്ട് പക്ഷികൾ മരത്തിൽനിന്ന് ചത്തുവീണത് ഭീതി ഉയരാൻ കാരണമായി. കഴിഞ്ഞദിവസം രാവിലെയാണ് പക്ഷികൾ ചത്ത നിലയിൽ മരച്ചുവട്ടിൽ കാണപ്പെട്ടത്.