കുവൈറ്റിൽ മരിച്ച കുടുംബത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു
1438282
Monday, July 22, 2024 11:41 PM IST
എടത്വ: എറണാകുളത്തുനിന്ന് നാല് ആംബുലന്‍സുകളില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ എത്തിയതോടെ ആശുപത്രിയും പരിസരവും കണ്ണീര്‍ക്കടലായി മാറി. ആശുപത്രി മോര്‍ച്ചറിയുടെ മുന്‍വശത്ത് പ്രത്യേകം തയാറാക്കിവച്ചിരുന്ന സ്ഥലത്ത് നാലു മൃതദ്ദേഹങ്ങളും നിരത്തി കിടത്തിയതോടെ പ്രദേശം ജനങ്ങളെക്കൊണ്ട് നിറഞ്ഞു.
ഒരുനോക്കുകാണാന്‍ ബന്ധുക്കളും സുഹൃത്തുകളും നാട്ടുകാരും ആശുപത്രി പരിസരത്ത് തിങ്ങിനിറഞ്ഞു. ഉറ്റവരോട് യാത്ര പറഞ്ഞിറങ്ങിയ കുടുംബത്തിന്റെ ചേതനയറ്റ മൃതദേഹം കണ്ടുനില്ക്കാന് കഴിയാതെ പലരും വിങ്ങിപ്പൊട്ടി.
കുവൈറ്റ് അബ്ബാസിയ സൈഫ് പാര്‍പ്പിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ വിഷപ്പുക ശ്വസിച്ച് മരിച്ച കുട്ടനാട് തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം മുളയ്ക്കല്‍ വീട്ടില്‍ മാത്യു വര്‍ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒന്‍പതാം ക്ലാസ് വിദ്യര്‍ഥിനിയായ മൂത്തമകള്‍ ഐറിന് (14), അഞ്ചാം ക്ലാസ് വിദ്യര്‍ഥിയായ ഇളയ മകന് ഐസക് (11) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
രാവിലെ ഒന്‍പതിന് എമിറേറ്റ്സ് എയര്‍വേസിന്റെ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദ്ദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം 10ന് ബന്ധുക്കളായ സിബി, മാത്യു, ഗ്ലാഡ്ജി, അലക്സ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. നോര്‍ക്ക ക്രമീകരിച്ച നാല് ആംബുലന്‍സുകളില്‍ ഉച്ചയ്ക്ക് ഒന്നിന് തിരുവല്ല സ്വകാര്യ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ എത്തിച്ചു.
തുടര്‍ന്ന് മൃതദ്ദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചു. മാത്യുസിന്റെ മാതാവ് റേച്ചല്‍ സഹോദരങ്ങളായ ഷീബ, ഷീജ, ജീമോന്‍, ലിനിയുടെ മാതാപിതാക്കളായ പി.കെ. ഏബ്രഹാം, ഡില്ലി എന്നിവര്‍ മൃതദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.
25ന് പുലര്‍ച്ചെ 5.30ന് തിരുവല്ലായില്‍നിന്ന് വിലാപയാത്രയായി ജിജോ പണികഴിപ്പിച്ച നീരേറ്റുപുറത്തെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് 11.30 വീട്ടിലെ സംസ്കാര ശുശ്രൂഷയ്ക്കുശേഷം 12.30ന് തലവടി പടിഞ്ഞാറേക്കര മാര്‍ത്തോമ്മാ പള്ളിയില്‍ എത്തിച്ച് 1.15ന് സംസ്കരിക്കും.
ജില്ലാ കളക്ടറെ പ്രതിനിധീകിച്ച് കുട്ടനാട് തഹസിദാര്മാരായ പി.വി. ജയേഷ്, എസ്. അന്‍വര്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ വി.എസ്. സൂരജ്, ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്ത്, കുഴിപ്പള്ളി വികാരി ഫാ. തോമസ് ഫിലിപ്പ്, ഫാ. സുനില്‍ മാത്യു, ഫാ. പി.പി. കുരുവിള, ഫാ. സുനില്‍ ചാക്കോ, ഫാ. തോമസ് മാത്യു വര്‍ക്കി, ഫാ. ജസ്റ്റിന് കെ. മാത്യൂസ്, പൊതുപ്രവര്‍ത്തകരായ ബാബു വലിയവീടന്‍, ബിജു പാലത്തിങ്കല്‍, റ്റിജിന്‍ ജോസഫ്, വര്‍ഗീസ് കോലത്തുപറമ്പ്, പ്രഫ. മാത്യൂസ് വര്‍ക്കി, ജയിംസ് എന്നിവര്‍ അന്തിമ ഉപചാരം അര്‍പ്പിച്ചു.
നാട്ടിലും ബന്ധുക്കള്‍ക്കിടയിലും ജിജോ ഏറെ സ്വീകാര്യനായിരുന്നു. വിദേശത്താണെങ്കിലും നാട്ടിലെ എല്ലാക്കാര്യവും അറിയും. ആര്‍ക്കെങ്കിലും സഹായം വേണമെങ്കില്‍ അതിനും മുന്നില്‍നിന്നു വേണ്ട സഹായങ്ങള്‍ ചെയ്യും. ചികിത്സാസഹായങ്ങള്‍ ഉള്‍പ്പെടെ പലതിനും നാട്ടുകാരെ സഹായിച്ചിരുന്നു.
അവധിക്കുശേഷം തിരികെ ജോലി സ്ഥലത്തേക്കു മടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച സ്വന്തം ഇടവക പള്ളിയായ തലവടി പടിഞ്ഞാറേക്കര മാര്‍ത്തോമ്മാ പള്ളിയിലെത്തി ആരാധനയില്‍ പങ്കെടുത്ത്, ഇടവക അംഗങ്ങളോടും പള്ളി വികാരിയോടും യാത്ര പറഞ്ഞാണു മടങ്ങിയത്. നാട്ടില്‍ നിന്ന് കുവൈറ്റിലേക്ക് വെള്ളിയാഴ്ച ുലര്ച്ചെയാണ് കുട്ടികളും ഭാര്യ ലിനിയൊമൊത്ത് ജിജോ മടങ്ങിയത്. തലവടി മുളയ്ക്കലെ നാലംഗ കുടുംബം കുവൈത്തില്‍ മരിച്ചെന്ന ദുരന്ത വാര്‍ത്ത കേട്ടാണ് ശനിയാഴ്ച തലവടി ഗ്രാമം ഞെട്ടിയുണര്‍ന്നത്.