സമ്പൂർണ കുടിവെള്ള പദ്ധതി: പുലിയൂരിലും ബുധനൂരിലും 16 ലക്ഷം ലിറ്ററിന്റെ ജലസംഭരണി
1437634
Sunday, July 21, 2024 2:08 AM IST
ചെങ്ങന്നൂർ: മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയിൽ പുലിയൂർ, ബുധനൂർ പഞ്ചായത്തുകൾക്കായി 16 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണി നിർമിക്കും. രണ്ടു പഞ്ചായത്തുകളിലായി 143.89 കിലോമീറ്റർ ദൂരത്തിലാണ് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ഇതിന്റെ ടെൻഡർ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.
കരാറെടുക്കാൻ മുന്നോട്ടുവന്ന കമ്പനി പത്തു ശതമാനത്തിൽ കൂടുതൽ അധികനിരക്ക് ആവശ്യപ്പെട്ട സാഹചര്യത്തിൽ അനുമതിക്കായി സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ്. 60.75 കോടിയുടേതാണു പദ്ധതി. പാണ്ടനാട് പഞ്ചായത്തിൽ എട്ടുലക്ഷം ലിറ്ററിന്റെ ഉന്നതതല ജലസംഭരണിയാണു നിർമിക്കുന്നത്. 65.375 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. 30.8 കോടിയുടേതാണ് പദ്ധതി.
പമ്പയാറിൻ്റെ തീരമായിട്ടും വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവപ്പെടുന്ന വാർഡുകളാണ് പാണ്ടനാട് പഞ്ചായത്തിലുള്ളത്. നിലവിൽ പഞ്ചായത്തിൽ വലിയ കുടിവെള്ള പദ്ധതികളില്ല. വേനൽക്കാലത്ത് ചെളി കലർന്ന വെള്ളമാണ് കിണറുകളിൽനിന്നു ലഭിക്കുന്നത്. കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രതിസന്ധിക്കു പരിഹാരമാകും. നിലവിൽ പദ്ധതിക്കായി കരാർ വിളിച്ചിട്ടുണ്ടെന്ന് ജല അഥോറിറ്റി അധികൃതർ വ്യക്തമാക്കി.
ചെറിയനാട് പഞ്ചായത്തിൽ 3.65 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ജലസംഭരണിയാണ് നിർമിക്കുന്നത്. 4.35 കോടിയുടെ പദ്ധതിയാണിത്. പദ്ധതിക്കായി കരാർ വിളിച്ചെങ്കിലും ആരും കരാർ ഏറ്റെടുത്തിട്ടില്ല. മറ്റു പഞ്ചായത്തുകളിൽ കുടിവെള്ളപദ്ധതി പല ഘട്ടങ്ങളിലാണ്.
വെൺമണി, ആലാ, ചെങ്ങന്നൂർ നഗരസഭ, മുളക്കുഴ പഞ്ചായത്തുകളിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെയും ഉന്നതതല ജലസംഭരണികൾ സ്ഥാപിക്കുന്നതിന്റെയും പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. മുളക്കുഴ നികരുംപുറത്ത് ജലശുദ്ധീകരണശാലയുടെ നിർമാണം ഒന്നാംഘട്ടത്തിൽത്തന്നെ പൂർത്തിയാക്കിയിരുന്നു.