ആകാശപാത നിർമാണത്തിലെ ആശങ്കകൾ പരിഹരിക്കുമെന്ന്
1437632
Sunday, July 21, 2024 2:08 AM IST
തുറവൂർ: ദേശീയപാതയുടെ അവസ്ഥ നേരിൽ കാണാൻ മന്ത്രി പി.പ്രസാദ് സ്ഥലം സന്ദർശിച്ചു. ആകാശപാത നിർമാണത്തിൽ ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾ പരിഹരിക്കുമെന്നും തുറവൂർ മുതൽ അരൂർ വരെയുള്ള ദേശീയപാതയിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതക്രമീകണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ദേശീയപാത അധികൃതരുമായി ചർച്ച നടത്തുമെന്നും ദീർഘദൂര ഭാരമേറിയ വാഹനങ്ങൾ പരമാവധി തുറവൂർ അരൂർ ഹൈവേ ഭാഗത്തേക്ക് വരാതിരിക്കാനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കണ്ടെയ്നർ ഉൾപ്പെടെകൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് തന്നെ എംസി റോഡ് വഴി തിരിച്ചു വിടുന്നതിന് കർശന നടപടി സ്വീകരിക്കും.
ആലുവ റൂറൽ എസ്പിക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതല്ലാതെ എത്തുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് തൃപ്പൂണിത്തുറ വഴി എംസി റോഡിലേക്കോ വൈക്കം വഴിയോ പോകാൻ ക്രമീകരണം ഏർപ്പെടുത്തും.
തെകക്കുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ കൊല്ലം, കൊട്ടാരക്കര വഴി പരമാവധി പോകുന്നതിന് നിർദ്ദേശം നൽകി. ബസുകൾ സ്റ്റോപ്പിൽ നിർത്താത്തതുമൂലം സ്കൂൾ വിട്ടാൽ വീട്ടിൽ സമയത്ത് എത്താൻ പറ്റാത്ത അവസ്ഥയാണ് എന്ന് ചന്തിരൂർ ഹയർ സെക്കൻസറി സ്കൂൾ വിദ്യാർഥികൾ മന്ത്രിയോട് പരാതി പറഞ്ഞു. വണ്ടി നിർത്തുന്നതിന് പരിഹാരം ഉണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
നിർമാണമേഖലയിൽ ഓവർ ടേക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നടപടി യെടുക്കുമെന്നും മന്ത്രി പറഞ്ഞു.