ജൂണ്‍ 9 മുതല്‍ ട്രോളിംഗ് നിരോധനം
1425014
Sunday, May 26, 2024 5:42 AM IST
ആലപ്പുഴ: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനകാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രിവരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഹാര്‍ബര്‍ എൻജിനിയറിംഗ്, പോലീസ് വകുപ്പുകളുടെ ഏകോപനത്തില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ട്രോളിംഗ് നിരോധനകാലത്ത് ജില്ലയില്‍ ഒരുക്കും.
നിരോധനകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് യന്ത്രവത്കൃത ബോട്ടുകള്‍ കായംകുളം ഹാര്‍ബര്‍, തോപ്പുംപടി ഹാര്‍ബര്‍ എന്നിവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കും. ബോട്ടുകളിൽ എട്ട് ലൈഫ് ഗാര്‍ഡുമാരെയും ചെത്തി, ശാസ്ത്രിമുക്ക്, അര്‍ത്തുങ്കല്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളില്‍ പത്ത് സീ റെസ്ക്യൂ സ്ക്വാഡുമാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. തോട്ടപ്പള്ളി ഹാര്‍ബര്‍, ചെല്ലാനം ഹാര്‍ബര്‍ എന്നിവടങ്ങളില്‍ ഓരോ എഫ്ആര്‍പി വള്ളം രക്ഷാപ്രവര്ത്തനതിനായി പ്രവര്‍ത്തിക്കും.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 0477 2297707. അപകട വിവരങ്ങളും നിയമലംഘനങ്ങളും ഈ നമ്പറില്‍ അറിയിക്കാം. അടിയന്തര സാഹചര്യങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, തോട്ടപ്പള്ളി 9447967155, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് - 0477 2251103 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ നിരോധനകാലത്ത് അനുവദിക്കുകയുള്ളൂ. പകര്‍ച്ച കാരിയര്‍ അനുവദിക്കുന്നതല്ല. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. മണ്‍സൂണ്‍കാല മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പാലിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ അറിയിക്കുന്നതിനും ബോധവത്്കരണം നടത്തുന്നതിനും ജില്ലയിലെ തീരദേശ ഗ്രാമങ്ങളില്‍ മൈക്ക് അനൗന്‍സ്മെന്റ്, നോട്ടീസ് വിതരണം എന്നിവ നടത്തും.
കടലിലെ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവ കരുതിയിട്ടുണ്ടെന്ന് യാനം ഉടമകള്‍ ഉറപ്പാക്കേണ്ടതാണ്.
സീ റെസ്ക്യൂ സ്ക്വാഡുകള്‍, സാഗര്‍ മിത്രമാര് എന്നിവര്‍വഴി കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികളില്‍ വേഗത്തില്‍ എത്തിക്കും. ചെറുമത്സ്യബന്ധനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടിയെടുക്കും. ഏകീകൃത കളര്‍കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോള്‍ ബാന്‍ കാലയളവില്‍ത്തന്നെ അടിയന്തരമായി കളര്‍ കോഡിംഗ് നടത്തണം.
യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്ല്യം, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്, മത്സ്യഫെഡ് ജില്ലാ ഓഫീസര്‍, മത്സ്യബോര്‍ഡ്, ഹാര്‍ബര്‍ എൻജിനിയറിംഗ്, പോലീസ്, പോര്‍ട്ട് ഓഫീസ്, സപ്ലൈ ഓഫീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.