അതിരൂപതാ ദിനത്തെ സ്വാഗതം ചെയ്ത് കുറുമ്പനാടം ഫൊറോനാപള്ളി
1423610
Sunday, May 19, 2024 11:04 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുട 138-ാമത് അതിരൂപതാദിനത്തിന് ആഥിത്യമരുളുന്നതില് കുറുമ്പനാടത്തിന് ആഹ്ലാദം. വിപുലമായ ക്രമീകരണങ്ങളാണ് സമ്മേളന നഗരിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ക്രൈസ്തവ പാരമ്പര്യത്തില്‍ കുറുമ്പനാടത്തിനു വലിയ സ്ഥാനമുണ്ട്. ചങ്ങനാശേരിയുടെ ഭാഗമായിരുന്ന തുരുത്തി, കുറുമ്പനാടം പ്രദേശങ്ങളിലെ വിശ്വാസ സമൂഹത്തിനായി തുരുത്തി കേന്ദ്രീകരിച്ച് 1834ല്‍ ഒരു ദേവാലയം സ്ഥാപിതമായി. 1837 കാലഘട്ടങ്ങളില്‍ കുറുമ്പനാടത്ത് ദേവാലയത്തിനു ശിലയിടുകയും വിശ്വാസസമൂഹം രൂപീകരിക്കപ്പെടുകയും ചെയ്തു.
വരാപ്പുഴ മെത്രാന്റെ കീഴില്‍ 1847 കാലഘട്ടങ്ങളില്‍ കുറുമ്പനാടത്ത് വൈദികസെമിനാരി പ്രവര്‍ത്തിച്ചിരുന്നു. മുക്കാട്ടുകുന്നേല്‍ തോമ്മാ കത്തനാര്, ചൊറിക്കാവുങ്കല്‍ സക്കറിയ കത്തനാര് എന്നിവര്‍ ഈ സെമിനാരിയിലെ ആദ്യകാല വിദ്യാര്ഥികളില്പ്പെടുന്നു.
1867ല്‍ പുണ്യശ്ലോകനായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ്കന്‍ അല്മായ സഭ സ്ഥാപിക്കപ്പെട്ടതും പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാരില്നിന്നു പുത്തന്‍പറമ്പില്‍ തൊമ്മച്ചന് ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെ സഭാവസ്ത്രം സ്വീകരിച്ചതും കുറുമ്പനാടത്തുവച്ചായിരുന്നു.
സീറോമലബാര്‍ സഭയുടെ കിരീടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ജന്മംകൊണ്ടും കുറുമ്പനാടം അനുഗ്രഹസമ്പന്നമാണ്. ഫാ. ജോര്‍ജ് മുക്കാട്ടുകന്നേല് ജൂണിയറാണ് ഇന്നുള്ള കുറുമ്പനാടം പള്ളിയുടെയും സ്കൂളുകളുടെയും ശില്പി. അല്മായ പ്രമുഖന് പുല്ലാകളം പി.ജെ. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ നെസ്തോര്‍ സിഎംസി, ജോസ് ഫിലിപ്പ് മേടയില്‍ എന്നിവര്‍ കുറുമ്പനാടത്തിന്റെ ചരിത്രത്തിനു മാറ്റുകൂട്ടിയവരാണ്.
സുവിശേഷ പ്രഘോഷണ, വിശ്വാസ പരിശീലനരംഗങ്ങളില്‍ ഇന്നുകാണുന്ന പല ഭക്തസംഘടനകള്‍ക്കും പ്രചോദനം നല്കിയ മാര്ത്തോമ്മദാസ സംഘം കുറുമ്പനാടത്തെ മണ്ണില്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. ചങ്ങനാശേരി അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയം ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചത് കുറുമ്പനാടം ഇടവകപരിധിയിലുള്ള നടയ്ക്കപ്പാടത്തായിരുന്നു.