വഴിപാടായി ശുചീകരണം
1423450
Sunday, May 19, 2024 6:13 AM IST
തുറവൂർ: നാടെങ്ങും വഴിപാടായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പഞ്ചായത്തുകളുടെ കീഴിലുള്ള വാർഡുകളിൽ ജനപ്രതിനിധികളുടെയും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. സർക്കാരിന്റെ നിർദേശപ്രകാരമുള്ള ശുചീകരണ പ്രവർത്തനം വെറും വഴിപാടായി മാറിയിരിക്കുകയാണ്.
നാടും നഗരവും തോടുകളും പുഴകളും മുഴുവൻ മാലിന്യങ്ങൾ നിറഞ്ഞിട്ടും അതൊന്നും ശുചിയാക്കാതെ ഫോട്ടോക്കും റിപ്പോർട്ടിനും വേണ്ടി ചില പ്രദേശങ്ങളിലെ മാലിന്യങ്ങൾ മാത്രം ചാക്കിലാക്കി അവിടെത്തന്നെ നിക്ഷേപിച്ചു പോവുകയാണ് ചെയ്തിട്ടുള്ളത്. ഹരിതകർമസേന പല സ്ഥലങ്ങളിൽനിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും അതെല്ലാം ചില സ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് വൻ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
പള്ളിത്തോട്-ചാവടി റോഡിന്റെ ഇരുവശങ്ങളിലുമായി ചാക്ക് കണക്കിന് മാലിന്യങ്ങൾ കിടന്നിട്ടും കുത്തിയതോട്- തുറവൂർ പഞ്ചായത്ത് അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ പ്രദേശം മുഴുവൻ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. ഗ്രാമ ,പട്ടണ പ്രദേശങ്ങൾ മുഴുവൻ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മഴക്കാലത്തിന് മുൻപ് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇന്നലെ ശുചീകരണ പ്രവർത്തനം നടത്തിയത്. ഇതിന് യാതൊരു ഫലവും ഇല്ലന്നൊണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി ഗ്രാമപ്രദേശങ്ങളിലെയും പട്ടണങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി.