കുരുത്തോലയിൽ വിസ്മയം തീർത്ത് രാജൻ
1423448
Sunday, May 19, 2024 6:04 AM IST
മാന്നാർ: കുരുത്തോല രാജന്റെ കൈയിലെത്തിയാൽ അത് അലങ്കാര വസ്തുക്കളാകാൻ അധിക സമയം വേണ്ട. ഓലപന്തും വട്ടക്കണ്ണടയും ഓലപീപ്പിയുമൊക്കെ ഉണ്ടാക്കുന്നത് സാധാരണമാണങ്കിലും രാജൻ ഇവകൊണ്ട് നിർമിക്കുന്നത് വിസ്മയക്കാഴ്ചകളാണ്.
ആഘോഷവേദികളെ അലങ്കരിക്കാൻ രാജൻ ഒരുക്കുന്ന ഓലച്ചമയം വിസ്മയം സൃഷ്ടിക്കുകയാണ്. വിവാഹ വേദികളിലും ക്ഷേത്രമുറ്റത്തും ഓലകളിൽ തീർത്ത മനോഹരങ്ങളായ അലങ്കാരങ്ങളാണ് മാന്നാർ കുളഞ്ഞിക്കാരാഴ്മ പുത്തൻപുരയ്ക്കൽ തെക്കേതിൽ കെ. രാജൻ(50) ഒരുക്കുന്നത്. ഓലകൾ മെടഞ്ഞും പിന്നിയും മനോഹര രൂപങ്ങൾ ഒരുക്കുന്ന രാജൻ ആറന്മുള എൻജിനിയറിംഗ് കോളജിൽ മെക്കാനിക്കൽ ട്രേഡ് ഇൻസ്ട്രക്ടറാണ്.
ജോലി കഴിഞ്ഞുള്ള സമയമാണ് രാജൻ തന്റെ കരവിരുതിനായി ഉപയോഗിക്കുന്നത്. ഓലച്ചമയത്തിൽ രാജന്റെ കലാവൈഭവം അറിഞ്ഞ ഇവന്റ് മാനേജ്മെന്റ് കമ്പനികൾ രാജനെ തേടിയെത്താറുണ്ട്. ചെറുപ്രായത്തിൽത്തന്നെ കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ വിദഗ്ധനായ രാജൻ ചിരട്ടകളിലും തന്റെ കരവിരുത് തെളിയിക്കുന്നുണ്ട്. തന്റെ കരവിരുതിൽ വിരിഞ്ഞ കലാസൃഷ്ടികളുടെ ഒരു പ്രദർശനം നടത്തണമെന്നാണ് രാജന്റെ ആഗ്രഹം.
മാന്നാർ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിൽ നടന്ന അൻപൊലി അരീപ്പറ മഹോത്സവത്തോടനുബന്ധിച്ച് രാജന്റെ നേതൃത്വത്തിൽ ഒരുക്കിയ ഓലച്ചമയം ഭക്തരുടെ മനസിനെ കുളിരണിയിച്ചു. ആദ്യമായാണ് ഇത്രയും വലിയരീതിയിൽ ഓലച്ചമയം ഒരുക്കാൻ കഴിഞ്ഞതെന്നും അതെല്ലാം പാട്ടമ്പലത്തിലമ്മയുടെ അനുഗ്രഹമാണെന്നും രാജൻ പറയുന്നു.
സഹോദരൻ രമേശും സഹായത്തിനായി കൂടെയുണ്ട്. ഓലച്ചമയത്തിന്റെ പണികൾ ഏറുമ്പോൾ പുറത്തുനിന്ന് ആൾക്കാരെ ജോലിക്ക് നിർത്തിയാണ് പണികൾ പൂർത്തിയാക്കുന്നത്. തുടക്കത്തിൽ നിസാര വിലയ്ക്ക് കിട്ടിയിരുന്ന ഓലയ്ക്ക് ഇപ്പോൾ 250 രൂപ വേണ്ടി വരുന്നതായി രാജൻ പറയുന്നു. പ്ലാസ്റ്റിക് അലങ്കാരങ്ങൾക്ക് വിട നൽകുന്ന ആഘോഷവേദികൾ അലങ്കരിക്കാൻ രാജന്റെ സാനിധ്യം അനിവാര്യമായിരിക്കുകയാണ്.
മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരിയാണ് ഭാര്യ. ഏക മകൾ അനന്തലക്ഷ്മി കോട്ടയം സിഎംഎസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.