കെപി റോഡിൽ അപകടങ്ങൾ വർധിക്കുന്നു
1423167
Friday, May 17, 2024 11:36 PM IST
കായംകുളം: അപകട നിയന്ത്രണ പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ കായംകുളം -പുനലൂർ കെപി റോഡിൽ അപകടങ്ങൾ വർധിക്കുന്നു. അപകടങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്.
കൂടാതെ ചെറുതും വലുതുമായ അമ്പതിലേറെ അപകടങ്ങളുണ്ടാകുകയും ചെയ്തു. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ് സൈക്കിളിലിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചതാണ് ഒടുവിലത്തെ അപകടം. കറ്റാനം ഭരണിക്കാവ് ദേവിസദനത്തിൽ ശശി (58) ആണ് മരിച്ചത്. കറ്റാനം ഗാനം തീയറ്റിന് സമീപമായിരുന്നു അപകടം. ടിപ്പറുകൾ ഉൾപ്പടെയുള്ള വാഹനങ്ങളുടെ അമിത വേഗവും ഇപ്പോൾ അപകടം വർധിക്കാൻ കാരണമാകുകയാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ടിപ്പർ ലോറികളുടെ മരണപ്പാച്ചിലും കെ പി റോഡിൽ അറുതിയില്ലാതെ തുടരുകയുമാണ്.
അപകട നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതാണ് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുവാൻ പ്രാധാന കാരണം. ചാരുംമൂട് ജംഗ്ഷനിലും തിരക്കേറിയ കുറ്റിത്തെരുവ് ജംഗ്ഷനിലും സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകൾ മാത്രമാണ് കെ.പി.റോഡിൽ ആകെയുള്ള ഗതാഗത നിയന്ത്രണ സംവിധാനം.
മാതൃകാ ജംഗ്ഷനായി പ്രഖ്യാപിച്ച ചാരുംമൂട് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ തെറ്റിച്ച് വാഹനങ്ങൾ കടന്നുപോകുന്നതും പതിവാണ്.
സിഗ്നൽ തെറ്റിച്ചു പോകുന്ന വാഹനങ്ങൾ കണ്ടെത്തി നടപടിയെടുക്കാനായി ജംഗ്ഷനിൽ സിസിടിവി കാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ബാധകമല്ലെന്ന നിലയിൽ വാഹനംഓടിച്ചു പോകുന്നവരെ കണ്ടെത്തി നടപടി എടുക്കാൻ അധികൃതർക്ക് കഴിയുന്നുമില്ല.
കുറ്റിത്തെരുവ് ജംഗ്ഷനും ഇപ്പോൾ സ്ഥിരം അപകടമേഖലയായി മാറി. സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയെങ്കിലും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ സംവിധാനമില്ല. ജംഗ്ഷനിൽ പോലീസ് സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ദിനം പ്രതി കെപി റോഡിൽ അപകടങ്ങൾ കൂടുകയാണ്. ഭരണിക്കാവ് പഞ്ചായത്ത് മുമ്പ് സമ്പൂർണ അപകട നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, പഞ്ചായത്തിലെ കറ്റാനം ഉൾപ്പെടുന്ന മേഖലയിലാണ് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കെപി റോഡിലെ വർധിച്ചു വരുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ റോഡിൽ സുരക്ഷാ വരകൾ ദിശാ സൂചകങ്ങൾ സ് പീഡ് ബ്രേക്കറുകൾ എന്നിവ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.