മകളെ സാക്ഷിയാക്കി അവര്‍ വീണ്ടും വിവാഹിതരായി
1423159
Friday, May 17, 2024 11:36 PM IST
ആലപ്പുഴ: മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം വീണ്ടും അവര്‍ വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസില്‍ റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് സുബ്രഹ്മണ്യനും (57) കുതിരപ്പന്തി രാധാനിവാസില്‍ അങ്കണവാടി ജീവനക്കാരിയായ കൃഷ്ണകുമാരി(50)യുമാണ് കുടുംബക്കോടതി ജഡ്ജിയുടെയും അഭിഭാഷകരുടെയും ഉപദേശങ്ങള്‍ സ്വീകരിച്ച് മകളുടെ നല്ല ഭാവിയെ കരുതി വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചത്.
14 വര്‍ഷം മുന്‍പ് ഇവര്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. 2006 ഓഗസ്റ്റ് ഓഗസ്റ്റ് 31 നായിരുന്നു ഇവരുടെ വിവാഹം. 2008ല്‍ ഇവര്‍ക്കൊരു പെണ്‍കുട്ടി ജനിച്ചു. അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും 2010 മാര്‍ച്ച് 29ന് ആലപ്പുഴ കുടുംബകോടതി മുഖേന വിവാഹമോചിതരായി. സുബ്രഹ്മണ്യന് പിന്നീട് കൃഷ്ണകുമാരിക്കും മകള്‍ക്കും നല്‍കാനുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും തീര്‍ത്ത് സംയുക്തമായി കരാറും തയാറാക്കി.
എന്നാല്‍, കൃഷ്ണകുമാരി മകള്‍ക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബക്കോടതിയെ സമീപിച്ചു. കുടുംബക്കോടതി ജഡ്ജി വിദ്യാധരന് കേസ് ചേംബറില്‍ പരിഗണിച്ചു. ഇരുവരും പുനര്‍വിവാഹിതരല്ലാത്തതിനാല്‍ മകളുടെ ഭാവിയെ കരുതി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച് ഒന്നിച്ചു കഴിയാന്‍ നിര്‍ദേശിച്ചു. ഇരുകക്ഷികളും അഭിഭാഷകരും നിര്‍ദേശം അംഗീകരിച്ചു.
കുട്ടിയോടൊപ്പം ഒരുമിച്ച് കഴിയാനും തീരുമാനിച്ചു. പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെല്ലാം സാക്ഷിയായി മകള്‍ അഹല്യ എസ്. നായരും ഉണ്ടായിരുന്നു. അഹല്യ പത്താംക്ലാസില്‍ മികച്ച വിജയംനേടി ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്. അന്നത്തെ പിണക്കം ചെറിയ വിഷയങ്ങള്‍ക്കായിരുന്നു. ഇരുവരും അടുത്തദിവസം തന്നെ വീണ്ടും വിവാഹം രജിസ്റ്റര്‍ ചെയ്യും.
സുബ്രഹ്മണ്യനുവേണ്ടി അഭിഭാഷകരായ ആര്. രാജേന്ദ്രപ്രസാദ്, എസ്. വിമി, ജി. സുനിത എന്നിവരും കൃഷ്ണകുമാരിക്കുവേണ്ടി സൂരജ് ആര്. മൈനാഗപ്പള്ളിയും ഹാജരായി.