വയോധികയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം
1422959
Thursday, May 16, 2024 11:47 PM IST
അമ്പലപ്പുഴ: മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെ എഴുപതുകാരി പുന്നപ്ര അഞ്ചില്‍ ഉമൈബയുടെ മൃതദേഹവുമായി ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിലാണ് പ്രതിഷേധം നടന്നത്.
കഴിഞ്ഞ ഒരുമാസമായി ഉമൈബ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചികിത്സാപ്പിഴവാണ് മരണത്തിനു കാരണമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടിയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 25 ദിവസം മുന്‍പാണ് ഉമൈബ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സക്ക് എത്തുന്നത്.
നടന്നാണ് ഉമൈബ ആശുപത്രിയില്‍ എത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞദിവസം ആശുപത്രിയില്‍നിന്ന് വിട്ടയച്ചെങ്കിലും തലച്ചോറിലെ അണുബാധ ഭേദമാകാത്തതിനെത്തുടര്‍ന്ന് വീണ്ടും അഡ്മിറ്റ് ചെയ്തു. ആരോഗ്യനില വഷളായതിനെത്തു ടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് ന്യൂമോണിയ മൂര്‍ച്ഛിക്കുകയും ഇന്നലെ രാത്രി എട്ടോടെ മരണപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് ആംബുലന്‍സില്‍ ഉമൈബയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന നൂറോളം പേര് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി യിൽ എത്തുകയായിരുന്നു. വിഷയത്തില്‍ പോലീസ് ഇടപെട്ടെങ്കിലും പ്രതിഷേധം അര്‍ധരാത്രിയിലും തുടരുകയായിരുന്നു.
ചികിത്സാരേഖയില്‍ ഡോക്ടര്‍ അമ്പിളി എന്നാണ് രേഖപ്പെടുത്തിയതെങ്കിലും ഒരിക്കല്‍ പോലും ഈ ഡോക്ടര്‍ പരിശോധനയ് ക്കെത്തിയില്ലെന്നും പകരം ജൂണിയര്‍ ഡോക്ടര്‍മാരാണ് കണ്ടതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഒടുവില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾ ഖാദര്‍ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് ഒന്നരയോടെ മൃതദേഹവുമായി ബന്ധുക്കള്‍ മടങ്ങി. ചികിത്സ ലഭിക്കാത്ത സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് സൂപ്രണ്ട് ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.
ഉമൈബയുടെ കബറടക്കം ഇന്നലെ രാവിലെ പത്തിന് പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്ലാം സംഘം പള്ളിയില്‍ നടത്തി. മക്കള്‍: നിയാസ്, ഷാനി. മരുമക്കള്‍: നവാസ്, സൗമില.
എംഎല്‍എ
ആരോഗ്യമന്ത്രിക്ക്
കത്തുനല്‍കി
അമ്പലപ്പുഴ: ഉമൈബാക്ക് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്ന ബന്ധുക്കളുടെ ആക്ഷേപത്തെക്കുറിച്ച് സമഗ്രമായ അന്വഷണം നടത്തണമെന്നു കാട്ടി എച്ച്. സലാം എംഎല്‍എ ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി. 24 ദിവസം ചികിത്സയില്‍ കഴിഞ്ഞ ഉമൈബായെ രണ്ടുതവണ ഡിഡ്ചാര്‍ജ് ചെയ്തിരുന്നു. ഇതിനിടെ യൂണിറ്റ് ചീഫ് ഡോ. അമ്പിളി ഇവരെ നേരിട്ട് പരിശോധിക്കുകയോ, രോഗം ഗുരുതരമായ അവസ്ഥയില്‍പ്പോലും ഇവര്‍ രോഗിയെ കണ്ടില്ലന്നും ബന്ധുക്കള്‍ പറയുന്നു.
ഇവരുടെ സ്കാനിംഗ് പരിശോധന വേഗത്തിലാക്കാന്‍ എംഎല്‍എ എന്ന നിലയില്‍ ഇടപെട്ടു നടത്തിയിരുന്നു. എന്നാല്‍, ചികിത്സയില്‍ അശ്രദ്ധയുണ്ടെന്ന പരാതി ബന്ധുക്കള്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടും പിജി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിച്ചില്ലെ ന്നും രോഗിയുടെ കൂട്ടിരിപ്പുകാരോട് മോശമായി സംസാരിച്ചുവെന്നും ബന്ധുക്കള്‍ പരാതി ഉന്നയിക്കുന്നു.
വിഷയത്തില്‍ യൂണിറ്റ് ചീഫ് ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയുണ്ടന്ന പരാതി ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എച്ച്. സലാം കത്തില്‍ ആവശ്യപ്പെട്ടു.