എടത്വ പാലത്തിൽ ടെലിഫോണ്‍ കുഴലുകള്‍ മാർഗതടസമാകുന്നു
1418434
Wednesday, April 24, 2024 4:51 AM IST
എടത്വ: എടത്വ പാലത്തിന്റെ കൈവരികളിലൂടെ ചേര്ന്നുകടന്നുപോകുന്ന ടെലിഫോണ്‍ കേബിളുകള്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കുഴലുകള്‍ മാറ്റിസ്ഥാപിക്കുവാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ബിഎസ്എന്‍എല്‍ ഓഫിസിലേക്ക് നിര്‍ദേശം നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അത് മാറ്റി സ്ഥാപിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാവുന്നു.
പാലത്തിന്റെ ഇരുകരകളിലായി കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ഉള്ളതിനാല്‍ പ്രതിദിനം നൂറുകണക്കിന് ആളുകള്‍ കടന്നുപോകുമ്പോള്‍ നിലവില്‍ തന്നെ ശക്തമായ ഗതാഗതക്കുരുക്കാണ് സംഭവിക്കുന്നത്.
പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ എടത്വ പള്ളി തിരുനാളിന് ഇനിയും നാലു ദിവസങ്ങള്‍ മാത്രമാണുള്ളത്. എടത്വ പള്ളി തിരുനാ ളിന് ലക്ഷകണക്കിനു തീര്‍ഥാടകരാണ് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നത്. കോളജ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്തതിനുശേഷം കാല്‍നടയായാണ് തീര്‍ഥാടകര്‍ പള്ളിയിലെത്തുന്നത്. കഷ്ടിച്ച് രണ്ടു വാഹനങ്ങള്‍ക്കു മാത്രം പോകാന്‍ വീതിയുള്ള പാലത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് നിത്യസംഭവമാണ്.
കേബിള്‍ പൈപ്പുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് തിരുനാള്‍ അവലോകന യോഗത്തില്‍ പഞ്ചായത്തംഗം പി.സി. ജോസഫ് കളക്ടര്‍ക്കു നിവേദനം നല്‍കിയിരുന്നു. അധികൃതരുടെ അലംഭാവത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയുടെ ഒന്നാം ഘട്ടത്തിന്റെ അടങ്കല്‍ തുക 70.75 കോടി രൂപയായിരുന്നു.
ഒരുവര്‍ഷം കൊണ്ട് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മാണം പൂര്‍ത്തിയാക്കുകയും പരിപാലന കാലാവധി അവസാനിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിന്റെ അടങ്കല്‍ തുക 46.40 കോടി രൂപയാണ്. ബഗോറ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാര്‍ ഏറ്റെടുക്കുകയും നിര്‍മാണം അവസാനിപ്പിക്കുകയും ചെയ്തത്. പരിപാലന കാലാവധി 2025 ഡിസംബര്‍ ഒന്നിന് അവസാനിക്കുമെന്നാണ് എടത്വ വികസനസമിതി ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുളയ്ക്കു കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എൻജിനിയര്‍ നല്കിയ വിവരാവകാശരേഖ വ്യക്തമാക്കുന്നത്.
എടത്വ പാലത്തിന്റെ വശത്ത് നടപ്പാത നിര്‍മിക്കുന്ന പ്രവൃത്തി മൂന്നാം ഘട്ടത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആയതിന്റെ ചുമതല കെആര്‍എഫ്ബി ആലപ്പുഴയ്ക്കാണ് അതിനു മുന്നോടിയായിട്ടാണ് പാലത്തിന്റെ കൈവരികളിലൂടെ ചേര്‍ന്ന് കടന്നുപോകുന്ന ടെലിഫോണ്‍ കേബിളുകള്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കുഴലുകള്‍ മാറ്റിസ്ഥാപിക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) ബിഎസ്എന്‍എല്‍ ഓഫിസിലേക്കു നിര്‍ദേശം നല്‍കിയത്.