ഒമാനിലെ പ്രളയസ്ഥലത്തുനിന്ന് അശ്വിൻ നാട്ടിൽ തിരിച്ചെത്തി
1418433
Wednesday, April 24, 2024 4:51 AM IST
അന്പലപ്പുഴ: ഒമാനിലെ താമസസ്ഥലത്തെ പ്രളയജലത്തിൽ മരണം മുഖാമുഖം കണ്ട ഓർമകളുമായി അശ്വിൻ നാട്ടിൽ തിരിച്ചെത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് 16-ാം വാർഡ് പുത്തൻപുരയ്ക്കൽ ടൈറ്റ(അമ്പിളി)സിന്റെ മൂത്തമകൻ അശ്വിൻ (27) ആണ് ദുരന്തമുഖത്തുനിന്ന് ഇന്നലെ പുന്ന പ്രയിലെ വസതിയിൽ തിരിച്ചെത്തിയത്.
മതിൽ ഇടിഞ്ഞുവീണു കാലുകളുടെ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന് നീണ്ടവിശ്രമം അത്യാവശ്യമാണ്. കഴിഞ്ഞ 14 നാണ് ലെയ്ത്ത് വർക്ഷോപ്പിലെ ജീവനക്കാരായ അശ്വിൻ കൊല്ലം സ്വദേശികളായ സുനിൽ കുമാർ, റോബിൻ എന്നിവർ താമസിച്ച സ്ഥലത്തേക്ക് കടൽ ഇരമ്പൽ പോലെ മഴവെള്ളം കുതിച്ചെത്തിയത്. കെട്ടിടത്തിന് വെളിയിലേക്കു ചാടിയ ഇവർ ഗെയ്റ്റ് അടയ്ക്കാൻ ശ്രമിക്കവേ ഇരച്ചെത്തിയ വെള്ളത്തിന്റെ ശക്തിയിൽ കുറ്റൻ മതിൽ ഇടിഞ്ഞുവീണു.
റോബിൻ, ആശ്വിനെ വലിച്ചുമാറ്റിയെങ്കിലും വലിയ കഷണങ്ങൾ കാലിൽ പതിക്കുകയായിരുന്നു. തുടർന്ന് വെള്ളത്തിൽ വീണ അശ്വിൻ ഒടിഞ്ഞ കാലുമായി നീന്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതിനിടയിൽ ഒഴുകിയെത്തിയ കാറിനു പിന്നിൽ പിടിച്ചു തൂങ്ങിക്കിടന്നു. റോബിനും മറ്റൊരു മതിലിൽ കയറി. എന്നാൽ, ഇവർക്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്ന സുനിൽ മതിലിനു അടിയിൽപ്പെട്ടു പോയിരുന്നു. രക്ഷാപ്രവർത്തകർ മതിൽ നീക്കം ചെയ്തപ്പോൾ മണ്ണിനടിയിൽനിന്നാണ് സുനിലിന്റെ മൃതദേഹം കിട്ടിയത്. അതു പറഞ്ഞപ്പോൾ അശ്വിന്റെ കണ്ഠമിടറി കണ്ണുകൾ നിറഞ്ഞു. ഇവർ താമസിച്ചിരുന്ന പ്രദേശം മുഴുവൻ പ്രളയജലം നിറഞ്ഞിരുന്നു.
വീട്ടിൽ സൂക്ഷിച്ചിരുന്ന രേഖകൾ അടക്കമുള്ള ബാഗുകൾ മൂന്നു കിലോമീറ്ററോളം ഒഴുകിപ്പോയി. പിന്നീട് മഴ ശമിച്ചപ്പോൾ കൂട്ടുകാരാണ് ബാഗ് കണ്ടെത്തിയത്. ഒമാനിലെ സർക്കാർ ആശുപത്രിയിലെ ചികിൽസയ്ക്കുശേഷം ജീവകാരുണ്യ പ്രവർത്തകരുടെയും ബന്ധുക്കളുടെയും ഇടപെടലിനെത്തുടർന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഇവരെ ജോലിക്കു കൊണ്ടുപോയ ആളുടെ നല്ല മനസുകൊണ്ടാണ് ആശുപത്രി ബില്ല് തീർക്കാനായത്.
സർക്കാരിൽനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നു കുടുംബം പറഞ്ഞു. പഠിത്തം കഴിഞ്ഞു മത്സ്യബന്ധനത്തിനു പോയിരുന്ന അശ്വിൻ ഒമ്പതുമാസം മുമ്പാണ് വീട്ടിലെ ദാരിദ്ര്യം മാറ്റാൻ ഒമാനിൽ ജോലി തേടി പോയത്. 2018ലെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ കൂട്ടത്തിൽ മുൻപന്തിയിലായിരുന്നു ഈ യുവാവ്. പിതാവ് അമ്പിളിയും മത്സ്യത്തൊഴിലാളിയാണ്. അശ്വിന് നഴ്സിംഗിനു പഠിക്കുന്ന രണ്ടു സഹോദരി കളുണ്ട്.