ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളുമായി വോട്ടഭ്യര്‍ഥിച്ച് മറിയം ഉമ്മന്‍
1418142
Monday, April 22, 2024 11:35 PM IST
ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളുമായാണ് മകള്‍ ഡോ. മറിയാ ഉമ്മന്‍ ആലപ്പുഴയില്‍ എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള വിവിധ കുടുംബസംഗമങ്ങളില്‍ മറിയാ ഉമ്മന്‍ പങ്കെടുത്തു.
ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച കുടുംബസംഗമം മറിയം ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും തന്റെ പിതാവ് പ്രചാരണപരിപാടികളില്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു എന്ന് മറിയം പറഞ്ഞു. എത്ര ക്ഷീണിതനായാലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാലും അതൊക്കെ കാര്യമാക്കാതെയായിരുന്നു രാഷ്ട്രീയജീവിതം എന്നും മറിയം ഓര്‍ത്തെടുത്തു.
കേന്ദ്ര-സംസ്ഥാന മന്ത്രിയായിരുന്നപ്പോള്‍ മാതൃകാപരമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവാണ് കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കൊപ്പം മതേതര ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്ന കെ.സി.വേണുഗോപാലിനെ വിജയപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും മറിയ ഉമ്മന്‍ പറഞ്ഞു. ജോണ്‍ ജോസഫ്, അഡ്വ. ബി. രാജശേഖരന്, അഡ്വ.വി. ഷുക്കൂര്‍, ബിന്ദു ജയന്, അനില്‍ തോമസ്, ആര്.കെ. സുധീര്‍, കിഷോര്‍ ബാബു തുടങ്ങിയ യുഡിഎഫ് നേതാക്കളും വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു.