നാളെ കലാശക്കൊട്ട്
1418139
Monday, April 22, 2024 11:35 PM IST
ആലപ്പുഴ: കലാശക്കൊട്ടിന് ഒരുദിവസം മാത്രം. സ്ഥാനാര്ഥികള് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ വോട്ടിനുള്ള നെട്ടോട്ടത്തിൽ. പരസ്യപ്രചാരണം നാളെ വൈകിട്ടാണ് അവസാനിക്കുക. ഓരോ വോട്ടും ഉറപ്പിച്ചുള്ള പ്രവ ർത്തനമാണ് സ്ഥാനാർഥികൾ നടത്തുന്നത്. എല്ലാ മുന്നണികളും പ്രചാരണത്തിന്റെ പോരായ്മകൾ തിരുത്താനുള്ള ഓട്ടത്തിൽ. എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികൾ.
വ്യാജ പ്രചാരണങ്ങളുടെയും അപകീർത്തികളുടെയും പേരിൽ പരസ്പരം പരാതികൾ കൊടുത്തും കേസുകൾ ഫയൽ ചെയ്തുമൊക്കെ വോട്ടർമാരുടെ മേൽ സ്വന്തം മേന്മയും മികവും പറഞ്ഞ് നടത്തിയ സ്വാധീനശ്രമത്തിന്റെ പരസ്യപ്രചാരണമാണ് നാളെ അവസാനിക്കുന്നത്.
ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ കലാശക്കൊട്ടിന്റെ ഭാഗമാകും. ആവേശം കൊടുമുടി കയറുന്ന റോഡ് ഷോകളിൽ സ്ഥാനാർഥികൾക്കൊപ്പം നേതാക്കളും അണികളും ഒഴുകിയെത്തും. മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സ്ഥാനാർഥികൾ തങ്ങളുടെ പര്യടനം നടത്തിക്കഴിഞ്ഞു. വാദപ്രതിവാദങ്ങളുമായി നാളെ കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലാവും സ്ഥാനാർഥികൾ. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാറിനിന്ന കെ.സി. വേണുഗോപാലും എ.എം. ആരിഫും തമ്മിലാണ് ആലപ്പുഴയിൽ നേരിട്ട് മത്സരം. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ സജീവമാണെന്നും ത്രികോണ മത്സരമാണ് ആലപ്പുഴയിലെന്നും വെള്ളാപ്പള്ളിയെ പോലുള്ളവർ പറയുന്നുണ്ട്. മാവേലിക്കരയിൽ ജൈത്രയാത്ര തുടരുന്ന കൊടുക്കുന്നിലിന് ഭീഷണിയായി അരുൺകുമാറും തീപാറുന്ന മത്സരം കാഴ്ചവയ്ക്കുന്നു. കൊട്ടിക്കലാശത്തിൽ പ്രവേശിക്കുന്ന ബൈജു കലാശാലയും പോരാട്ടനിറവിൽ തന്നെ. 27 ദിവസം നീണ്ടുനിന്ന പരസ്യപ്രചാരണത്തിനാണ് നാളെ പരിസമാപ്തി കുറിക്കുന്നത്.
കൊട്ടിക്കലാശം കഴിഞ്ഞുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിൽ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി വോട്ടുറപ്പിക്കാനുള്ള സമയമായി മുന്നണികൾ കാണുന്നു. തുടർന്നുള്ള ഒരു പകലിനും രാത്രിക്കുമപ്പുറം വോട്ടർമാർ ബുത്തിലേക്ക്. മാവേലിക്കരയെയും ആലപ്പുഴയെയും പ്രതിനിധീകരിച്ച് ആര് പാർലമെന്റിൽ പോകണമെന്ന് അന്ന് ജനങ്ങൾ തീരുമാനിക്കും.
കൊട്ടിക്കലാശം
മവേലിക്കര
മാവേലിക്കര മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാർഥികളും കൊട്ടിക്കലാശം നടത്തുന്നത് ചെങ്ങന്നൂരിലാണ്. യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് മണ്ഡലത്തിലാകമാനം റോഡ് ഷോ നടത്തി ചെങ്ങന്നൂരിലെ എല്ലാ പഞ്ചായത്തുകളിലും പര്യടനം നടത്തി ചെങ്ങന്നൂരിൽ സമാപിക്കും.
എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാർ ഇന്നു മൂന്ന് മണ്ഡങ്ങളിൽ ഓട്ടപ്രദക്ഷിണം നടത്തി നാളെ മാവേലിക്കരയിൽ രാവിലെ റോഡ് ഷോ നടത്തും. തുടർന്ന് ചെങ്ങന്നൂരിലെ പഞ്ചായത്തുകളിലും അവസാന ഘട്ട പ്രചാരണം നടത്തി ടൗണിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ കൊട്ടിക്കലാശ വേദിയിലേക്ക് വരും.
എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ കൊട്ടിക്കലാശവും ചെങ്ങന്നൂരിലാണ്. ഇന്ന് ശാസ്താംകോട്ടയിലും കുന്നത്തൂരിലും സ്വീകരണ പരിപാടികൾ നടത്തും. നാളെ ചെങ്ങന്നൂരിലും മാവേലിക്കരയിലും ഓട്ടപ്രദക്ഷിണം നടത്തി കൊട്ടികശാലത്തോടെ ചെങ്ങന്നൂരിൽ സമാപിക്കും.