ദൃശ്യം മോഡല്‍ കൊലപാതകം ആലപ്പുഴയില്‍ രണ്ടാംതവണ
1418133
Monday, April 22, 2024 11:35 PM IST
ആലപ്പുഴ: പൂങ്കാവില്‍ അറുപതുകാരിയെ സഹോദരന് കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ വാര്‍ത്ത പുറത്തുവരുമ്പോള്‍ തെളിയുന്നത് ആലപ്പുഴയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന മറ്റൊരു ദൃശ്യം മോഡല്‍ കൊലപാതകം.
ദൃശ്യം എന്ന ജനപ്രിയ സിനിമയില്‍, നായക കഥാപാത്രം ഒരു മൃതദേഹം തന്റെ വീട്ടില്‍ മറവുചെയ്ത രംഗമാണ് ഇത്തരം കൊലപാതകങ്ങള്‍ക്കു പ്രചോദനമെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. 2022 സെപ്റ്റംബര്‍ 26ന് ആലപ്പുഴ സ്വദേശി ബിന്ദുമോനെ ചങ്ങനാശേരിയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസാണത്.
ആലപ്പുഴ ആര്യാട് നിന്ന് കാണാതായ ബിന്ദുമോന് പ്രാദേശിക ബിജെപി പ്രവര്‍ത്തകനായിരുന്നു. അന്ന് ഒരാഴ്ചയ്ക്കു ശേഷം ഒക്ടോബര്‍ ഒന്നിനാണ് ബിന്ദുമോന്റെ മൃതദേഹം കോട്ടയം ജില്ലയിലെ ചങ്ങനാശേരി ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള പൂവം എസി കോളനിയില്‍ കേസിലെ മുഖ്യപ്രതി മുത്തുകുമാറിന്റെ വീടിന്റെ തറയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
ബിന്ദുമോന്റെ സുഹൃത്തായിരുന്ന മുത്തുകുമാറിനെ ആലപ്പുഴയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. നാലുപേര്‍ ചേര്‍ന്ന് വളരെ ആസൂത്രിതമായാണ് അന്നു ബിന്ദുമോനെ കൊലപ്പെടുത്തിയത്. ബിന്ദുമോന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന മുത്തുകുമാറിന്റെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മാസങ്ങളോളം നീണ്ട ആസൂത്രണത്തിനു ശേഷമാണ് മുത്തുകുമാറും സുഹൃത്തുക്കളും ചേര്‍ന്ന് ബിന്ദുമോനെ കൊന്നു വീടിന്റെ തറയില്‍ കുഴിച്ചിട്ടത്. സെപ്തംബര്‍ 26ന് മുത്തുകുമാര്‍ ബിന്ദുമോനെ മദ്യസത് കാരത്തിനെന്ന വ്യാജേന വീട്ടിലേക്കു വിളിച്ചുവരുത്തുകയും അതേസമയം വീട്ടിലുണ്ടായിരുന്ന മുത്തുകുമാറിന്റെ സുഹൃത്തുക്കളായ വിപിനും ബിനോയിയും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ബിന്ദുകുമാറിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വരുണ്‍ എന്നയാളും കേസില്‍ അറസ്റ്റിലായിരുന്നു.