ആലപ്പുഴ ലോക്സഭാ മണ്ഡലത്തിനായി ശോഭാ സുരേന്ദ്രന്റെ വികസന രേഖ
1417957
Sunday, April 21, 2024 11:22 PM IST
ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിനായി സമഗ്രവികസന രേഖ പുറത്തിറക്കി എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്. സ്ത്രീകളുടെ പ്രാതിനിധ്യം, ശാക്തീകരണം, സുരക്ഷിതത്വം, തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുസ്ഥിരത, ആലപ്പുഴയുടെ മുഖച്ഛായ മാറ്റാന്‍ വ്യവസായ, ഫിഷറീസ്, ടൂറിസം, ഡിജിറ്റല്‍ പാര്‍ക്ക് തുടങ്ങി 44,850 കോടിയുടെ പദ്ധതികളാണ് വികസന രേഖയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
വിശ്വകര്‍മ യോജനയിലൂടെ യുവാക്കള്‍ക്ക് സൗജന്യ കരകൗശല തൊഴില്‍ പരിശീലനം നല്‍കും, പണിയായുധങ്ങള്‍ വാങ്ങാന്‍ ഉള്‍പ്പടെ ബിസിബസ് തുടങ്ങാന്‍ ഒരു ലക്ഷം രൂപ നല്‍കും, ആലപ്പുഴയില്‍ വയോജനങ്ങള്‍ക്ക് കുര്യാക്കോസ് ഏലിയാസ് സ്നേഹ കേന്ദ്രം ആരംഭിക്കും, മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാവര്ക്കും വീട്, 300 ദിവസത്തിനുള്ളില്‍ എല്ലാ വീടുകളിലും ജല്‍ജീവന്‍ മിഷനിലൂടെ കുടിവെള്ളം എത്തിക്കും, ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്കുന്ന ഗുരുദേവ ക്യാന്റിനുകള്‍ മൂന്നെണ്ണം തുടങ്ങും തുടങ്ങി നിരവധിയായ പ്രഖ്യാപനങ്ങള്‍ വികസന രേഖയിലുണ്ട്.
മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളുടെ പിജി സ്കോളര്‍ഷിപ്പ് എംപിയുടെ പ്രത്യേക പദ്ധതിയിലൂടെ നടപ്പാക്കും, പീലിംഗ് മേഖല തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക പദ്ധതി, കയര്‍, കശുവണ്ടി മേഖലയ്ക്ക് പദ്ധതികള്‍ എന്നിവയും വികസന രേഖയിലുണ്ട്.