കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ നിലപാടില്‍ ആത്മാര്‍ഥതയില്ല: സുജാത
1417956
Sunday, April 21, 2024 11:22 PM IST
കായംകുളം: പിണറായിയെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നുള്ള ഇന്ത്യാ മുന്നണിയുടെ ഭാഗമായ രാഹുല്‍ ഗാന്ധിയുടെ ചോദ്യം കേട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ നിലപാടില്‍ സംശയം ഉണ്ടാക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത പറഞ്ഞു.
ആലപ്പുഴ ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം. ആരിഫിന്റെ കായംകുളം നിയോജകമണ്ഡലത്തിലെ മൂന്നാംഘട്ട സ്വീകരണ പര്യടനം പുതിയവിള മലയില്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുജാത.
സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ അവരെ വേട്ടയാടുകയാണെന്ന നിലപാട് സ്വീകരിച്ചവരാണ് പിണറായിയും ഇടതുപക്ഷവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇഡിയും സിബിഐയും കേന്ദ്ര ഏജന്‍സികളും കേരളത്തില്‍ തലങ്ങും വിലങ്ങും നടന്നിട്ടും ഒന്നും സംഭവിച്ചില്ലെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ കെ.ആര്. രാജേഷ് അധ്യക്ഷനായി. അഡ്വ. കെ.എച്ച്. ബാബുജാന്, എ. മഹേന്ദ്രന്, അഡ്വ. എ. ഷാജഹാന്, പി. അരവിന്ദാക്ഷന്, സി. അജികുമാര്‍, സജീവ് പുല്ലുകുളങ്ങര, അഡ്വ. എസ്. സുനില്‍ കുമാര്‍, ടി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കണ്ടല്ലൂര്‍ മുക്കം ജംഗ്ഷന്, മണിവേലിക്കടവ് എന്നിവിടങ്ങളിലും ആരിഫിന് സ്വീകരണം നല്കി.