രാഹുല്‍ ഗാന്ധി നാളെ ആലപ്പുഴയില്‍
1417770
Sunday, April 21, 2024 5:12 AM IST
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം രാഹുല്‍ ഗാന്ധി നാളെ ആലപ്പുഴയില്‍ എത്തും. ബീച്ചില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.
വൈകുന്നേരം പോലീസ് റിക്രിയേഷന്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുൽ അഞ്ചിന് ബീച്ചില്‍ ക്രമീകരിച്ചിരിക്കുന്ന പൊതുസമ്മേളന വേദിയിലേക്കെത്തും. കെ.സി. വേണുഗോപാലിനൊപ്പം മാവേലിക്കര യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും പരിപാടിയില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും കെപിസിസി പ്രചാരണവിഭാഗം അധ്യക്ഷനുമായ രമേശ് ചെന്നിത്തല, ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്, യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എ. ഷുക്കൂര്‍ തുടങ്ങി കെപിസിസിയുടെയും യുഡിഎഫിന്റെയും സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുക്കും.
മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ ഭരണിക്കാവിലും പ്രസംഗിക്കും.
ഉച്ചയ്ക്ക് 1.30ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തുന്ന രാഹുൽ ചാവക്കാട് നടക്കുന്ന പൊതുയോഗത്തിനുശേഷം വൈകിട്ട് നാലിന് തിരുവനന്തപുരത്ത് എത്തും. അവിടെനിന്ന് ഹെലികോപ്റ്ററിൽ ഭരണിക്കാവ് ബസേലിസ് കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങും. 4.45ന് ശാസ്താംകോട്ട ബ്ലോക്ക് ഓഫീസിന് സമീപമുള്ള സിനിമ പറമ്പിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.