ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം പകർന്ന ത്രേസ്യാമ്മ ഓർമയായി
1417762
Sunday, April 21, 2024 5:12 AM IST
പുളിങ്കുന്ന്: ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം സ്വയം മനസിലാക്കുകയും വീടുവീടാന്തരം കയറിയിറങ്ങി നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്ത ത്രേസ്യാമ്മ ഓർമയായി. 20 വർഷത്തോളം കുട്ടനാട്ടിൽ ഊർജസംരക്ഷണത്തിനുവേണ്ടി സന്നദ്ധപ്രവർത്തനം നടത്തിയ ത്രേസ്യാമ്മയുടെ മരണം പുളിങ്കുന്നിനും സമീപ പ്രദേശങ്ങൾക്കും തീരാദുഃഖമായി. തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററിന്റെ വോളന്റിയറായിരുന്നു ത്രേസ്യാമ്മ.
2001 മുതലാണ് വോളന്റിയറായി ത്രേസ്യാമ്മ ചേരുന്നത്. വീടുകൾ തോറും കയറിയിറങ്ങി ഊർജസംരക്ഷണ സന്ദേശം നൽകുകയായിരുന്നു ലക്ഷ്യം. കൂടാതെ കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് ക്ലാസുകളും എടുത്തിരുന്നു. വൈദ്യുതിയും പാചകവാതകവും ലാഭിക്കാനും സംരക്ഷിക്കാനുമുള്ള വഴികൾ വീട്ടമ്മമാർക്കു വിശദീകരിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
വാക്കുകളിലും പ്രവൃത്തിയിലും ഊർജം കെടാതെ സൂക്ഷിച്ച ത്രേസ്യാമ്മയ്ക്ക് സംസ്ഥാന സർക്കാർ മൂന്നു തവണയാണ് സംസ്ഥാന ഊർജസംരക്ഷണ അവാർഡ് നൽകി ആദരിച്ചത്.
സിഎംഐ സഭയുടെ സമഗ്ര വികാസ് സൊസൈറ്റിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തനവും ഇവർ നടത്തിയിരുന്നു. സമഗ്ര വികാസ് സൊസൈറ്റിയുടെ ആനിമേറ്ററായി 20 വർഷം പ്രവർത്തിക്കുകയും ചെയ്തു. ഏതാനും വർഷങ്ങളായി മകൻ നിറ്റോ ബേബിയുടെ തുരുത്തിയിലുള്ള വീട്ടിലായിരുന്നു താമസം. പുളിങ്കുന്ന് നെല്പ്പുരക്കടവില് (തറയില്‍) റ്റി.ഒ. ബേബിയുടെ ഭാര്യയാണ് ത്രേസ്യാമ്മ. സംസ്കാരം ഇന്നു മൂന്നിന് തിരുത്തി മർത്ത്മറിയം ഫൊറോന പള്ളിയിൽ നടക്കും.