പുനരുദ്ധരിച്ച പഴയ വരട്ടാറില്‍ വീണ്ടും കൈയേറ്റം
1417466
Friday, April 19, 2024 11:54 PM IST
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ഏറ്റെടുത്ത് പുനരുദ്ധരിച്ച പഴയ വരട്ടാറില്‍ (മുളംതോട്) വീണ്ടും കൈയേറ്റം ആരംഭിച്ചു. ഇവിടെ സ്വകാര്യവ്യക്തി തോടിനു കുറുകെ വഴിനിര്മിക്കാനുള്ള ശ്രമമാണ് വീണ്ടും നടത്തിയിരിക്കുന്നത്. മുന്‍പ് പല തവണ റവന്യു ഉദ്യോഗസ്ഥര്‍ സ്റ്റോപ് മെമ്മോ കൊടുത്ത സ്ഥലത്താണ് വീണ്ടും മണ്ണടി ആരംഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ അടിച്ചമണ്ണ് ഇപ്പോഴും നീക്കം ചെയ്യാതെ കിടക്കുകയാണ്. 2008-ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് സ്വകാര്യ വ്യക്തിയുടെ കൈയേറ്റം.
72 ചതുരശ്ര മീറ്റര്‍ വ്യാപ്തിയിലാണ് മണ്ണടിച്ചത്. നദിയുടെ വ്യാപ്തി കുറച്ചുകൊണ്ട് കുഴല്‍ ഇട്ട് കലുങ്ക് നിര്‍മിച്ചശേഷം ബാക്കി പുറംപോക്ക് മണ്ണടിച്ച് നികത്തി വഴിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വാങ്ങി എന്നു പറയുന്നുണ്ടെങ്കിലും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ഇത്തരത്തില്‍ യാതൊരു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. ചെങ്ങന്നൂര്‍ ആര്‍ഡിഒ ജി. നിര്‍മല്‍കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് തിരുവന്‍വണ്ടൂര്‍ വില്ലേജ് ഓഫീസര്‍ ടി.ആര്. റാണി സ്ഥലം സന്ദര്‍ശിച്ച് മണ്ണടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവരുടെ വാക്കിനെ അവഗണിച്ച് ഉച്ചയ്ക്കു ശേഷവും മണ്ണടിച്ച് ജെസിബി ഉപയോഗിച്ച് നിരത്തിയതായും ഉദ്യോഗസ്ഥ പറഞ്ഞു.
തുടര്‍ന്ന് കൈയേറ്റക്കാരന് സ്റ്റോപ്പ് മെമ്മോ നല്കി. 2017ലാണ് റവന്യുവകുപ്പ് കളക്ടറുടെ നിര്‍ദേശപ്രകാരം തോട്ടിലെ കൈയേറ്റങ്ങള്‍ അളന്നു തിട്ടപ്പെടുതിയത്. ഇരുപത്തിയെട്ടോളം കൈയേറ്റങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് തോട് നവീകരിച്ചെങ്കിലും നാല്പതു ശതമാനം തടസങ്ങള്‍ ഇനിയും നീക്കം ചെയ്യേണ്ടതായി ഉണ്ട്. ഇതിനിടയിലാണ് തോട്ടില്‍ വീണ്ടും മണ്ണ് വീഴുന്നത്.