നെടുമ്പ്രക്കാട് സെന്റ് തോമസ് പള്ളിയില്‍ ജനാഭിമുഖ കുര്‍ബാനക്ക് കോടതി വിലക്ക്
1417465
Friday, April 19, 2024 11:54 PM IST
ചേര്‍ത്തല: നെടുമ്പ്രക്കാട് സെന്റ് തോമസ് പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന നടത്തുന്നതിനു കോടതിയുടെ ഇടക്കാല നിരോധന ഉത്തരവ്. വികാരിയോ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം മറ്റു വൈദികരോ നെടുമ്പ്രക്കാട് പള്ളി, പള്ളിവക സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ജനാഭിമുഖ കുര്‍ബാന അര്പ്പിക്കുന്നതിലാണ് മുൻസിഫ് കോടതി വിലക്ക്.ഇടവകാംഗങ്ങളായ അഡ്വ.ജെറ്റിന് കെ.ജെ കൈമാപറമ്പില്‍, റോയി ഏബ്രഹാം ഇലഞ്ഞിക്കല്‍ എന്നിവര്‍ ചേര്‍ന്ന് അഡ്വ.തോമസ് താളനാനി, അഡ്വ.ബ്രൈറ്റ് യേശുദാസ് എന്നിവര്‍ വഴി നല്കിയ ഹര്‍ജിയില്‍ ചേര്‍ത്തല അഡീഷണല്‍ മുന്‍സിഫ് പി.ആര് അക്ഷയയുടെ ഉത്തരവ്.
സീറോമലബാര്‍ സഭയുടെ സിനഡ് പാസാക്കി തിരുസംഘം അംഗീകരിച്ചു സഭാതലവനായ മാര്‍പാപ്പ നടപ്പില്‍ വരുത്തിയ ഔദ്യോഗിക കുര്‍ബാനക്രമം വിശ്വാസികള്‍ക്കു നടപ്പാക്കി കിട്ടുന്നതിനായാണ് മാര്‍ത്തോമ നസ്രാണി സംഘം നിയമവഴികള്‍ സ്വീകരിക്കുന്നത്. നെടുമ്പ്രക്കാട് പള്ളിക്കു പുറമേ ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി, കൊക്കോതമംഗലം, എഴുപുന്ന എന്നീ ഇടവകകളില്‍ നിന്നുള്ള സമാനകേസുകളും ചേര്‍ത്തല പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ നിലവിലുണ്ടെന്ന് മാര്‍ത്തോമ നസ്രാണി സംഘം ചേര്‍ത്തല ഫൊറോന പ്രസിഡന്റ് അഡ്വ.തോമസ് താളിനാനി, ടെന്‍സന്‍ പുളിക്കല്‍, അഡ്വ.ജസ്റ്റിന് കെ.ജെ കൈമാപറമ്പില്‍, ജോളി ജേക്കബ്ബ് മാടമന, റോയിഎബ്രഹാം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.