നാടിന്റെ ദാഹമകറ്റണം
1396691
Friday, March 1, 2024 11:19 PM IST
മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം
മാന്നാർ: മാന്നാറിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ആശ്വാസമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം തുടങ്ങി. മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽപ്പെട്ട വള്ളക്കാലി, പാവുക്കര പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.
കാർഷിക മേഖലയായ ഇവിടെ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പുകളെയാണ് ഏറെ ആശ്രയിക്കുന്നത്. പൈപ്പുകളിലൂടെ എത്തുന്ന കുടിവെള്ളത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീണ്ടതോടെയാണ് ആശ്വാസവുമായി പഞ്ചായത്ത് എത്തിയത്. വള്ളക്കാലിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വാർഡ് മെമ്പർ സുനിത ഏബ്രഹാമിന്റെ ഇടപെടലിൽ മാന്നാർ പഞ്ചായത്ത് കുടിവെള്ള വിതരണത്തിന് നടപടി കൈക്കൊള്ളുകയും ഇന്നലെ രാവിലെയോടെ ടാങ്കുകളിൽ നിറച്ച് വാഹനത്തിൽ കുടിവെള്ളം എത്തിച്ച് നൽകുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സെലീന നൗഷാദ്, സ്ഥിരം സമിതി അധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ. ശിവപ്രസാദ്, പഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, സലിം പടിപ്പുരയ്ക്കൽ, സാമൂഹ്യ പ്രവർത്തകരും പ്രദേശ വാസികളുമായ പ്രഫ.പി.ഡി ശശിധരൻ, ടൈറ്റസ് പി. കുര്യൻ, ഷാജി കളപ്പുരയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വലിയ വാഹനം ഉൾപ്രദേശത്തെ ഗ്രാമീണ റോഡുകളിൽ ജല വിതരണത്തിനു തടസം മുണ്ടാക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ ചെറിയ വാഹനങ്ങളിൽ വെള്ളം എത്തിച്ച് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.