മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് കര്‍ഷകരുടെ സംഗമവേദിയാകും
1396689
Friday, March 1, 2024 11:19 PM IST
ആലപ്പുഴ: നവകേരള സദസിന്റെ തുടര്‍ച്ചയായി കര്‍ഷകരും കാര്‍ഷിക- അനുബന്ധ മേഖലയിലുള്ളരുമായി മുഖ്യമന്ത്രി പിണറായി വിജയന് സംവദിക്കുന്ന മുഖാമുഖം ജില്ലയില്‍ ഇന്നു നടക്കും. കാമിലോട്ട് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന മുഖാമുഖം കര്‍ഷകരുടെയും കാര്‍ഷിക സാങ്കേതിക വിദഗ്ധരുടെയും സംഗമവേദിയാകും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് മുഖാമുഖം. എട്ടിന് രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കും.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും അതുമായി ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി ചര്‍ച്ചചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. മന്ത്രി സജി ചെറിയാന്, മന്ത്രി ജെ. ചിഞ്ചുറാണി, എ.എം. ആരിഫ് എംപി, പി.പി. ചിത്തരഞ്ജന് എംഎല്‍എ, കാര്‍ഷികോത്പാദന കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി. അശോക്, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവറാവു, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ക്ക് മറുപടി നല്കുന്നതിനുമായി വിദഗ്ധര്‍ വേദിയില്‍ ഉണ്ടാകും. ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. വിത്ത് സംരക്ഷകന്‍ പത്മശ്രീ സത്യനാരായണ, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍ ഡോ. മധുര സ്വാമിനാഥന്, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാക്കളായ കെ.എ. റോയി മോന്, എം. ശ്രീവിദ്യ, പരമ്പരാഗത കര്‍ഷക പി. ഭുവനേശ്വരി, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് എസ്.പി. സുജിത്ത്, കേര മേഖലയിലെ സംസ്ഥാന അവാര്‍ഡ് ജേതാവ് ജെ. ജ്ഞാനശരവണന്, നെല്കര്ഷകന് ജോസ് ജോണ്‍, പച്ചക്കറികൃഷി സംസ്ഥാന അവാര്‍ഡ് ജേതാവ് എസ്.വി. സുജിത്ത്, ക്ഷീര കര്ഷകന് ബൈജു നമ്പിക്കൊല്ലി, മത്സ്യ കര്ഷകന് ടി. പുരുഷോത്തമന്, ഹൈടെക് കര്‍ഷക രശ്മി മാത്യു, കാര്‍ഷിക മേഖല വിദഗ്ധന്‍ ഡോ.സി. ഭാസ്കരന്, ആര്.സി.സി. അഡീഷണല്‍ ഡയറക്ടര്‍ ഡോ.എ. സജീദ്, അഗ്രി സ്റ്റാര്‍ട്ടപ് സംരംഭകന് ദേവന് ചന്ദ്രശേഖരന്, മൃഗസംരക്ഷണ മേഖല വിദഗ്ധന്‍ ഡോ. ആര്. വേണുഗോപാല്‍, മ്സ്യമേഖലാ വിദഗ്ധന്‍ ഡോ.കെ.കെ. വിജയന്, കാര്‍ഷിക മേഖല വിദഗ്ധന്‍ ജോര്‍ജ് അലക്സാണ്ടര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഡോ. ശ്രീവത്സന്‍ ജെ. മേനോന് മോഡറേറ്ററാകും.
കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കാര്‍ഷിക സംരംഭകര്‍, കാര്‍ഷിക മേഖലയിലെ അക്കാദമിക്ക് സ്ഥാപനങ്ങള്‍, കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവരുമായാണ് സംവാദം. ഫിഷറീസ് മേഖലയില്‍നിന്ന് 250, മൃഗസംരക്ഷണ മേഖലയില്‍നിന്ന് 250, കാര്‍ഷിക മേഖലയില്‍നിന്ന് 1100 തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട 2000ല്‍പരം പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പരിപാടിയുടെ ഭാഗമാകും.
നാളികേര കര്‍ഷകര്‍, നെല്‍കര്‍ഷകര്‍, വനിതാ കര്‍ഷകര്‍, യുവ കര്‍ഷകര്‍, പ്രവാസി കര്‍ഷകര്‍, കുട്ടി കര്‍ഷകര്‍, ഇസ്രയേലില്‍ നിന്ന് പരിശീലനം ലഭിച്ച കര്‍ഷകര്‍, പച്ചക്കറി കര്‍ഷകര്‍ തുടങ്ങി വിവിധ കാര്‍ഷിക മേഖലകളിലുള്ളവര്‍ പങ്കെടുക്കും. ജില്ലയിലെ 249 പച്ചക്കറി കര്‍ഷകര്‍, 154 നാളികേര കര്‍ഷകര്‍, 144 നെല്‍ കര്‍ഷകര്‍ തുടങ്ങി 745 പേര് പരിപാടിയുടെ ഭാഗമാകും. അഞ്ചു കുട്ടി കര്‍ഷകരാണ് പങ്കെടുക്കുക. കാര്‍ഷിക പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. കേ, ഹോര്‍ട്ടികോര്‍പ്, കേരശ്രീ, കേരഗ്രാമം, ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ഡറി തുടങ്ങിയ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ 33 സ്റ്റാളുകളും പ്രവര്‍ത്തിക്കും.
33 സ്റ്റാളുകള്‍
ആലപ്പുഴ: മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി കാമിലോട്ട് കണ്വന്ഷന് സെന്ററില്‍ പ്രധാന വേദിക്കു സമീപം ഒരുക്കിയിട്ടുള്ള സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക പ്രദര്‍ശനം നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് ആറുവരെയാണ് കാര്‍ഷിക പ്രദര്‍ശനം. കേര, ഹോര്‍ട്ടികോര്‍പ്, കേരശ്രീ, കേരഗ്രാമം, മത്സ്യബന്ധനം, ആനിമല്‍ ഹസ്ബന്‍ഡറി, മില്‍മ തുടങ്ങിയ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ 33 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. തീം പവലിയനും 27 വകുപ്പുതല സ്റ്റളുകളുകളും പ്രവര്‍ത്തിക്കും. പ്രദര്‍ശനം കാണുന്നതിനും ഉത്പങ്ങള്‍ വാങ്ങുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.
കേരശ്രീ, കേരഗ്രാമം, കഞ്ഞിക്കുഴി കാര്‍ഷിക കര്‍മസേന തുടങ്ങിയവയുടെ നേതൃത്വത്തില്‍ നൂതത ആശയമായ കൃഷിക്കൂട്ടമുൾപ്പെടെ പ്രദര്‍ശനത്തിന്റെ ഭാഗമാകും. പച്ചക്കറികള്‍, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍, തൈകള്‍, ചെടികള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാകും. കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യവും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.