സാമ്പത്തിക ക്രമക്കേട് മറയ്ക്കാൻ കൂട്ടുനിന്നില്ല; മേലുദ്യോഗസ്ഥന് നേതാവിന്റെ ഭീഷണി
1396477
Thursday, February 29, 2024 11:26 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ മേലുദ്യോഗസ്ഥനെ എൻജിഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. ‘പുന്നപ്ര വയലാർ സമരഭൂമിയാണിത്, സൂക്ഷിച്ചു ജോലി ചെയ്തോ ഇല്ലെങ്കിൽ പണി കിട്ടു’മെന്നാണ് ഭീഷണിപ്പെടുത്തൽ.
ആരോഗ്യവകുപ്പിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ യൂണിയൻ നേതാവിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർ നടപടിയുടെ ഭാഗമായി പോലീസിന് റിപ്പോർട്ട് നൽകരുതെന്നാവശ്യപ്പെട്ടാണ് നേതാവ് മേലുദ്യോഗസ്ഥനെ ഭീഷണിപെടുത്തുന്നത്. കോളജിലെ ഭരണ-പ്രതിപക്ഷ സംഘടനകളിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ള സഹപ്രവർത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതിൽ വ്യാപകമായ പരാതി ഉയർന്നിട്ടുള്ളയാളാണ് നേതാവ്.
അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ സീനിയർ ക്ലർക്ക് സുജിത്തിനെയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ജീവനക്കാരൻ സാമ്പത്തിക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജുകളിൽ നിന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയും ഇവർ നടത്തിയ ഓഡിറ്റിംഗിൽ 82,000 രൂപയുടെ ക്രമക്കേട് ഉദ്യോഗസ്ഥൻ നടത്തിയതായും തെളിഞ്ഞു. തുടർന്നാണ് സസ്പെൻഷൻ നടപടിയുണ്ടായത്.
ഭരണ പക്ഷ യൂണിയനിലെ പ്രമുഖ നേതാവായ ജീവനക്കാരൻ അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിൽ ഏതാനും വർഷം മുൻപ് ജോലി ചെയ്തിരുന്ന സമയത്തും സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള തിരിമറികൾ നടത്തിയതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നതിനെത്തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്കു സ്ഥലം മാറ്റിയിരുന്നു. എന്നാൽ, രാഷ്ട്രീയ സ്വാധീനത്തെത്തുടർന്ന് ഏതാനും മാസം മുൻപ് വീണ്ടും അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിൽ തിരികെയെത്തിയിരുന്നു. ഇവിടെ ആംബുലൻസുകളുടെ സർവീസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പണത്തിനു രസീത് നൽകിയിരുന്നെങ്കിലും ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. സർക്കാരിലേക്ക് അടക്കേണ്ട പണം കാണാതെ വന്നതോടെ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ നടത്തിയ പരിശോധനയിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.
ഇത്രയും രൂപയുടെ തട്ടിപ്പ് നടത്തിയിട്ടും ഉദ്യോഗസ്ഥനെതിരേ പോലീസിൽ പരാതി നൽകാൻ പ്രിൻസിപ്പൽ ഇതുവരെ തയാറായിട്ടില്ല. ഭരണ പക്ഷ രാഷ്ട്രീയ യൂണിയനിൽ പെട്ട നേതാവായതിനാലാണ് പോലീസിൽ പരാതി നൽകാൻ ഇവർ തയാറാകാത്തതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.