പട്ടണക്കാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വേ: രേഖകള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കാം
1396226
Thursday, February 29, 2024 1:55 AM IST
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് പട്ടണക്കാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വേയും അതിരടയാളവും പൂര്‍ത്തിയായിട്ടുണ്ട്. പൂര്‍ത്തിയായ സര്‍വേ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പട്ടണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഡിജിറ്റല്‍ സർവേ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭൂവുടമകള്‍ക്ക് http://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായും ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനമുപയോഗിച്ചും പരിശോധിക്കാം. സര്‍വേ റിക്കാര്‍ഡുകളില്‍ ആക്ഷേപമുള്ളവര്‍ 30 ദിവസത്തിനകം ആലപ്പുഴ റീസര്‍വേ സൂപ്രണ്ടിന് ഫോറം 160-ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേനയോ അപ്പീല്‍ നല്‍കണം.
നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസര്‍വേ റിക്കാര്‍ഡുകളിലെ രേഖകള്‍ കുറ്റമറ്റതായി പ്രഖ്യാപിച്ച് അന്തിമ നോട്ടീസ് പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും. സര്‍വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വേ അതിരടയാള നിയമപ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല. വിശദവിവരങ്ങള്‍ക്ക്: 0477-2230126.