കൈക്കൂലി: വില്ലേജ് അസിസ്റ്റന്റും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ
1395969
Tuesday, February 27, 2024 11:35 PM IST
അമ്പലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റും ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. പുന്നപ്ര വില്ലേജിലെ അസിസ്റ്റന്റ് വിനോദും ഫീല്‍ഡ് അസിസ്റ്റന്റ് അശോകനുമാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
പുന്നപ്ര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് റെയ്ഡ്. ഇദ്ദേഹത്തിന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ പുന്നപ്ര വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിനു വിനോദും അശോകനും സ്ഥലത്തെത്തി ഫയല്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ അയയ്ക്കണമെങ്കില്‍ 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന് വിവരം വിജിലന്‍സ് കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിനെ അറിയിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് റെയ്ഡ് നടത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ പുന്നപ്ര വില്ലേജ് ഓഫീസിനു മുന്നില്‍ അശോകന് പരാതിക്കാരനില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഇന്‍സ്പെക്ടര്‍മാരായ പ്രശാന്ത് കുമാര്‍, എം.കെ. രാജേഷ് കുമാര്‍, ആര്. ജിംസ്റ്റെല്‍ സബ് ഇന്‍സ്പെക്ടര്‍ വസന്ത്, അസി. സബ് ഇന്‍സ്പെക്ടര്‍ ജയലാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാം കുമാര്‍, രഞ്ചിത്ത്, സനല്‍, ലിജു, സുദീപ്, സുരേഷ്, റോമിയോ, അനീഷ്, മായ, നീതു, മധു കുട്ടന്, നിതിന്‍ മാര്‍ഷല്‍, സനീഷ്, വിമല്‍ തുടങ്ങിയവരും വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരന്നു.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592 900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാര്‍ അറിയിച്ചു.